ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സര്‍വജനിക ശാരദോത്സവത്തിന് തുടക്കമായി; വിഗ്രഹ എഴുന്നള്ളത്ത് നടന്നു

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ ഹോസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 47-ാമത് സര്‍വജനിക ശാരദോത്സവത്തിന് തുടക്കമായി. ഒക്ടോബര്‍ 17 മുതല്‍ 21 വരെ അഞ്ച് ദിവസങ്ങളിലായാണ് ഉത്സവം. ഉത്സവത്തിന് തുടക്കം കുറിച്ച് ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ നിന്ന് ശാരദാദേവിയുടെ വിഗ്രഹം വാദ്യമേളത്തിന്റെയും നിരവധി ഭക്തരുടെയും അകമ്പടിയോടെ ടി.വി റോഡ് ജംഗ്ഷന്‍ വഴി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.

ഉത്സവത്തിന്റെ ഭാഗമായി വിഷ്ണു സഹസ്രനാമ പാരായണം, വിവിധ ഭജന സമിതികളുടെ ഭജന, ഗണപതി ഹോമം, മഹാപൂജ, ഐശ്വര്യാഭിവൃദ്ധി മഹാപൂജ തുടങ്ങിയ ആചാര ചടങ്ങുകളും കലാ-സാംസ്‌കാരിക പരിപാടികളും അന്നദാനവും ഉണ്ടാകും. വിജയദശമി ദിനത്തില്‍ വൈകിട്ട് 3.30ന് നിമജ്ജന ശോഭായാത്ര നടക്കും. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് കുന്നുമ്മല്‍, കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍, ബസ് സ്റ്റാന്‍ഡ്, പുതിയകോട്ട അരയാല്‍ത്തറ ചുറ്റി പോകുന്ന വഴിയില്‍ ഭക്തജനങ്ങളില്‍ നിന്ന് ഹണുക്കായ്, ആരതി അര്‍പ്പിക്കല്‍ എന്നിവ സ്വീകരിച്ച ശേഷം ഹോസ്ദുര്‍ഗ് നിത്യാനന്ദാശ്രമം കുളത്തില്‍ ശാരദാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെ ഉത്സവം സമാപിക്കും.

 

error: Content is protected !!