കാഞ്ഞങ്ങാട്:”നാടിനായി ഒരു കളിസ്ഥലം നമ്മുടെ കുട്ടികള്ക്കായി ഒരു സുരക്ഷിത ഇടം”
എന്ന ആശയവുമായി ഒരു ഗ്രാമം മുഴുവന് ഇറങ്ങുന്നു. ഇതിന്റെ തുടക്കമായി വേറിട്ട ഒരു പരിപാടിക്ക് ഇന്നലെ രാത്രി നാട് സാക്ഷ്യം വഹിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ അതിര്ത്തികള് ഉള്പ്പെടുന്ന കൊട്രച്ചാല് – കണിച്ചിറ – തീര്ത്ഥങ്കര പ്രദേശങ്ങള് കേന്ദ്രീകരിച്ച് വളര്ന്നു വരുന്ന തലമുറയ്ക്കായി ഒരു കളിസ്ഥലം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനാണ് പുതിയ പ്രചാരണ രീതിയുമായി ‘രാത്രി നടത്തം -26’ എന്ന പരിപാടി സംഘടിപ്പിച്ചത്. പതിറ്റാണ്ടുകളായി ഫുട്ബോള് , കബഡി, ക്രിക്കറ്റ്, വോളിബോള്, ബാറ്റ്മിന്റണ്, അത്ലറ്റിക്സ് തുടങ്ങി നിരവധി കായിക ഇനങ്ങളില് ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങളെ സംഭാവന ചെയ്ത ഈ മേഖലയില് പരിശീലനത്തിന് ഒരു
ഗ്രൗണ്ടില്ല എന്നത് കായിക താരങ്ങളും പരിശീലനം ആഗ്രഹിക്കുന്നവരും നേരിടുന്ന വലിയ പ്രതിസന്ധിയാണ്.
വളര്ന്നു വരുന്ന കുട്ടികളേയും യുവതയേയും പുതിയ കായിക സംസ്ക്കാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവും മുന്നിര്ത്തിയാണ് കൊട്രച്ചാല് ഗാലക്സി ആര്ട്സ് ആന്റ് സ്പോര്സ് ക്ലബ്ബ് മുന് രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള് കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള വിദ്യാര്ത്ഥി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്ക്കായി ഒരു സ്ഥിരം കളിസ്ഥലം ഒരുക്കേണ്ടതിന്റെ ആവശ്യകത ഉയര്ത്തിക്കാട്ടി കൊട്രച്ചാല് ഗാലക്സി ആര്ട്സ് ആന്റ് സ്പോര്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് ”നടത്തം 2026” എന്ന പേരില് രാത്രി നടത്തം സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭാ കൗണ്സിലര്മാരും പ്രദേശത്തെ അമ്മമാരും കുട്ടികളും കായിക താരങ്ങളും യുവാക്കളും ഉള്പ്പെടെ നൂറോളം പേര് അണിനിരന്ന രാത്രി നടത്തം കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്പേഴ്സണ് ലത ബാലകൃഷ്ണന് ഫ്ലാഗ് ഓഫ് ചെയ്ത് ഉല്ഘാടനം നിര്വ്വഹിച്ചു. കളിസ്ഥലം കുട്ടികള്ക്ക് കളിക്കാനുള്ള ഒരിടം മാത്രമല്ല, അവരുടെ ശാരീരികവും മാനസികവുമായ വളര്ച്ചയ്ക്കും ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനും അനിവാര്യമായ ഇടമാണെന്ന സന്ദേശവും നടത്തത്തിലൂടെ ഉയര്ത്തിക്കാട്ടി.
ഗാലക്സി ഗ്രന്ഥാലയം സെക്രട്ടറിയും നഗരസഭാ കൗണ്സിലറുമായ പി.വി. മണി അധ്യക്ഷം വഹിച്ചു. നഗരസഭാ കൗണ്സിലര്മാരായ എം.വി.ഗായത്രി , സതീശന്, ശ്രീജ തുടങ്ങിയവര് സംസാരിച്ചു. ഗാലക്സി രക്ഷാധികാരി ബാലകൃഷ്ണന് മാടായി, ഗാലക്സി ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.സുരേഷ്,ഗാലക്സി ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് മാടായി, വനിതാ ക്ലബ്ബ് പ്രസിഡണ്ട് പ്രേമ മാടായി തുടങ്ങിയവര് സംസാരിച്ചു. മധു കാരക്കടവത്ത് സ്വാഗതവും പ്രഭാകരന് മാടായി നന്ദിയും പറഞ്ഞു.
നാടിനായി ഒരു കളിസ്ഥലം; നാളെ പൊതുയോഗം
കാഞ്ഞങ്ങാട്: നാടിനായി ഒരു കളിസ്ഥലം – നമ്മുടെ കുട്ടികള്ക്കായി ഒരു സുരക്ഷിത ഇടം എന്ന കാമ്പയിന്റെ ഭാഗമായി നാളെ (ഒക്ടോബര് 18 ഞായര്) നാട്ടുകാരുടെ പൊതുയോഗം ചേരുന്നു.
വൈകീട്ട് 4 മണിക്ക്
കൊട്രച്ചാല് ഗാലക്സി ക്ലബ്ബ് മുറ്റത്താണ് യോഗം നടക്കുക. യോഗത്തില് പ്രദേശത്തെ ജനപ്രതിനിധികള്, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ നേതാക്കള്, മുതിര്ന്ന പൗരന്മാര്,
വനിതകള്, യുവാക്കള് , കുട്ടികള് തുടങ്ങിയവര് പങ്കെടുക്കുമെന്ന് സംഘാടകര് അറിയിച്ചു.
