വെള്ളരിക്കുണ്ട്: സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ കോടിക്കണക്കിന് ശൗചാലയങ്ങളും പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീടുകളും നിര്മിച്ചുനല്കി സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കിയ ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി ശോഭ സുരേന്ദ്രന് പറഞ്ഞു.
ബിജെപി മഹിളാ മോര്ച്ച കാസര്കോട് ജില്ലാ സമിതിയുടെയും വെള്ളരിക്കുണ്ട് മണ്ഡലം സമിതിയുടെയും സംയുക്താഭിമുഖ്യത്തില് ഹരിതകര്മ്മസേനാംഗങ്ങളെയും ബിജെപിയുടെ മുതിര്ന്ന നേതാക്കളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്.
പെണ്കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി നരേന്ദ്രമോദി സര്ക്കാര് നിരവധി പദ്ധതികള് ആവിഷ്കരിച്ചിട്ടുണ്ടെന്നും ഇതിലൂടെ കുടുംബങ്ങളിലെ ലിംഗവിവേചനം കുറയ്ക്കുന്നതിനും പെണ്കുട്ടികള്ക്ക് ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്മേഖലയിലും കൂടുതല് അവസരങ്ങള് ലഭിക്കുന്നതിനും സഹായമായെന്നും ശോഭ സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.
മഹിളാ മോര്ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്. അശ്വിനി, ബിജെപി ജില്ലാ സെക്രട്ടറി എന്. മധു, എസ്.ടി. മോര്ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷിബു പാണത്തൂര്, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, മഹിളാ മോര്ച്ച ജില്ലാ ജനറല് സെക്രട്ടറിമാരായ എസ്. പ്രേമലത, അനിത നായിക്, മഹിളാ മോര്ച്ച ജില്ലാ വൈസ് പ്രസിഡന്റ് അനുശ്രീ, ജില്ലാ സെക്രട്ടറി മമത സാഗര്, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ആശ, ബിജെപി ബളാല് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സാജന് പുഞ്ച, ബളാല് ഗ്രാമപഞ്ചായത്ത് ഹരിതകര്മ്മസേന കണ്സോര്ഷ്യം പ്രസിഡന്റ് ജോളി ബേബി, സെക്രട്ടറി ഷൈനി എന്നിവര് സംസാരിച്ചു.
ഹരിതകര്മ്മസേന കണ്സോര്ഷ്യത്തിലെ മുഴുവന് അംഗങ്ങളെയും ബിജെപിയുടെ മുതിര്ന്ന പ്രവര്ത്തകരെയും ചടങ്ങില് ആദരിച്ചു.
