നീലേശ്വരം: ചായ്യോത്ത് ഗവ.ഹയര് സെക്കന്ററി സ്കൂള് ആതിഥ്യമരുളുന്ന 68 മത് കാസര്കോട് റവന്യ ജില്ല സ്കൂള് കായിക മേള ഒക്ടോബര് 16 മുതല് 18 വരെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില് നടക്കും.
കാസര്കോട് റവന്യ ജില്ലയിലെ 7 സബ് ജില്ലകളില് നിന്ന് സബ്ബനിയര് , ജൂനിയര്, സീനിയര് ആണ്, പെണ് വിഭാഗത്തിലായി 1500 കായിക താരങ്ങളും 150 ഒഫീഷ്യല്സും പങ്കെടുക്കും. റിലെ മത്സരമുള്പ്പെടെ 95 ഇനങ്ങളിലായാണ് ഓര്ഡര് ഓഫ് ഇവന്റ്സ് പ്രകാരം മത്സരം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്. 17 ന് അധ്യാപകര്ക്കുള്ള മത്സരങ്ങള് നടക്കും.അധ്യാപകര്ക്ക് പുരുഷവിഭാഗത്തില് 40 ന് മുകളില്,40 ന് താഴെ കാറ്റഗറിയിലും, അധ്യാപികമാര്ക്ക് വനിത 30 ന് മുകളില്, 30ന് താഴെ കാറ്റഗറിയിലും 100, 400 , 1500 , 200 ഷോട്പുട്, ലോങ്ങ് ജംമ്പ് എന്നീ ഇനങ്ങളിലാണ് അധ്യാപകര്ക്കുള്ള മത്സരങ്ങള്. ജില്ലാ മത്സരങ്ങളില് നിന്ന് 1, 2, 3 സ്ഥാനം നേടുന്ന കായിക താരങ്ങള് ഈ മാസം 25 മുതല് 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയില് ജില്ലാ ടീമിന് വേണ്ടി പങ്കെടുക്കും. കായിക മേളയുടെ ഭാഗമായി ഇ എം എസ് സ്റ്റേഡിയത്തില് കൊളുത്താനുള്ള ദീപശിഖയുടെ റാലി കഴിഞ്ഞ വര് ഷത്തെ ആതിഥേയരായ ജി എച്ച് എസ് ബാനം സ്കൂളില് നിന്നും ഈ വര്ഷത്തെ ആതിഥേയ വിദ്യാലയമായ ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിലേക്ക് ദേശീയ,സംസ്ഥാന കായിക താരങ്ങളുടെ അകമ്പടിയോടെ 15 ന് വൈകുന്നേരം 3.30 ന് എത്തിച്ചേരും. ഒക്ടോബര് 16 ന് രാവിലെ 10.30 മണിക്ക് രാജ്മോഹന് ഉണ്ണിത്താന് എം പി ചാമ്പ്യന്ഷിപ്പിന്റെ ഉദ്ഘാടനം നിര്വഹിക്കും. 18 ന് വൈകിട്ട് 4 നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ഗോവിന്ദന് പള്ളിക്കാപ്പില് എം എല് എ നിര്വഹിക്കും. സന്ദീപ് വാര്യര് എം എല് എ വിജയികള്ക്കുള്ള സമ്മാനം നല്കും. പരിപാടികള് വിശദീകരിക്കാന് നടത്തിയ വാര്ത്ത സമ്മേളനത്തില് സംഘാടകസമിതി ചെയര്മാന് എം രാജന്, കണ്വീനര് കെ. ടി സീമ, എം സുനില്കുമാര്, വൈസ് ചെയര്മാന് പി മനോഹരന്, നികേഷ് മാടായി, പ്രോഗ്രാം സെക്രട്ടറി കെ വി ബിജു, ടി ആര് പ്രീതി മോള്, ടി ദീപേഷ് കുമാര്, പി വി സുനില്, പി വി സുകുമാരന് എന്നിവര് പങ്കെടുത്തു.
