മടിക്കൈയില്‍ ചെങ്കല്ലറയും ശിലാ ചിത്രങ്ങളും കണ്ടെത്തി

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ മഹാ ശിലാ കാലഘട്ടത്തിലെ ജനാധിവാസത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയും ശിലാ ചിത്രങ്ങളും കണ്ടെത്തി. കണ്ണംകുളത്ത് പാറയില്‍ ശിലാ ചിത്രങ്ങളും തീര്‍ത്ഥങ്കരയില്‍ ചെങ്കല്‍ ഖനനത്തിനിടെ അരിക് മുറിഞ്ഞ നിലയിലുള്ള ചെങ്കല്ലറയുമാണ് കണ്ടെത്തിയത്. പ്രാദേശിക പുരാവസ്തു ഗവേഷകനായ സതീശന്‍ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ശിലാചിത്രങ്ങളും ഗുഹയും കണ്ടെത്തിയത്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത് സ്ഥലം സന്ദര്‍ശിച്ച് കണ്ടെത്തിയ ഗുഹ മഹാശിലകാലഘട്ടത്തിലെ ചെങ്കല്ലറയാണെന്നും ശിലാചിത്രം മനുഷ്യനിര്‍മ്മിതമാണെന്നും സ്ഥിരീകരിച്ചു.
അരിയിട്ട പാറയിലും കക്കാട്ടും മുന്നാട് മോലോത്തും കാവ് ആമക്കുളത്തും എരിക്കുളം വലിയ പാറയിലും കാഞ്ഞിരപൊയിലിലും ഏറ്റു കുടുക്കയിലും അമ്പലത്തറയിലും കണ്ടെത്തിയ ശിലാ ചിത്രങ്ങള്‍ പോലെ പ്രകൃതിദത്തമായ ജലസംഭരണികളായ പള്ളത്തിന്റെ കരയിലാണ് കണ്ണംകുളത്ത് പാറയിലും ശിലാ ചിത്രങ്ങള്‍ കണ്ടെത്തിയത്. പത്ത് ഇഞ്ച് നീളവും ആറ് ഇഞ്ച് വീതിയുമുള്ള രണ്ട് കാല്‍പ്പാദങ്ങളാണ് ചെങ്കല്‍ പാറയില്‍ കൊത്തി വച്ചിട്ടുള്ളത്. വടക്കന്‍ കേരളത്തില്‍ നിന്ന് കണ്ടെത്തിയ മറ്റു ശിലാ ചിത്രങ്ങളുടെ നിര്‍മ്മാണ രീതിയോടു സാമ്യമുള്ള പാദങ്ങളുടെ ചിത്രം ഉറപ്പേറിയ പാറയില്‍ ഇരുമ്പായുധങ്ങള്‍ ഉപയോഗിച്ച് കൊത്തിയുണ്ടാക്കിയതാകാനാണ് സാധ്യത. പള്ളങ്ങളുടെ കരയില്‍ കൊത്തിവയ്ക്കുന്നത് കൊണ്ട് തന്നെ മഴക്കാലത്ത് മുഴുവനും ഇവ വെള്ളത്തിനടിയിലാവുകയും മഴത്തുള്ളികള്‍ നേരിട്ട് പതിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് നൂറ്റാണ്ടുകള്‍ ഇവ നശിക്കാതിരിക്കുന്നത്. തീര്‍ത്ഥങ്കരയിലെ ചെങ്കല്ലറ മുകള്‍ഭാഗത്തെ ദ്വാരവും ഉള്‍ഭാഗവും മേല്‍മണ്ണ് നിറഞ്ഞ നിലയിലാണുള്ളത്. മടിക്കൈയുടെ മഹാ ശിലാകാലഘട്ടത്തിലെ ജനജീവിതത്തിന്റെ ചരിത്ര ശേഷിപ്പുകളാണ് പുതിയ കണ്ടെത്തലുകള്‍.

 

error: Content is protected !!