നീലേശ്വരം:16 കോടിയിലധികം രൂപ ചെലവഴിച്ച് നിര്മിച്ച നീലേശ്വരം ബസ് സ്റ്റാന്ഡ് കെട്ടിടത്തില് നടപടിക്രമങ്ങള് കാറ്റില്പ്പറത്തി അനധികൃത നിര്മാണം നടത്തിയതായി വിവരാവകാശ രേഖകള്. കെട്ടിടത്തിലെ മുലയൂട്ടല് കേന്ദ്രത്തിന്റെ ചുമരുകള് യാതൊരു അനുമതിയുമില്ലാതെ പൊളിച്ചുനീക്കി പിന്വശത്തേക്ക് വഴി നിര്മിച്ചതാണ് വിവാദമായത്. 2025 ഒക്ടോബര് 31ന് അന്നത്തെ ധനകാര്യ മന്ത്രി കെ.എന്. ബാലഗോപാല് ഉദ്ഘാടനം ചെയ്ത കെട്ടിടത്തില് 2026 ഫെബ്രുവരി 6 മുതലാണ് ബസ് സര്വീസ് ആരംഭിച്ചത്. ഇതിനു ശേഷമാണ് രഹസ്യമായി ഘടനാപരമായ മാറ്റം വരുത്തിയത്. നഗരസഭയുടെ വിവരാവകാശ മറുപടി പ്രകാരം, 2026 ഏപ്രില് 21ന് ചേര്ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില് മുലയൂട്ടല് കേന്ദ്രം നിലനിര്ത്തിക്കൊണ്ട് അരികിലൂടെ വഴി സ്ഥാപിക്കാനാണ് തീരുമാനിച്ചത്. എന്നാല് നാലുനിലയുള്ള പൊതുകെട്ടിടത്തില് ഇത്തരം ഘടനാപരമായ മാറ്റങ്ങള് വരുത്താന് സ്റ്റിയറിങ് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ല. ഈ നിയമവിരുദ്ധത മറച്ചുവെക്കാന് കെട്ടിടത്തിന്റെ നിര്മാണം പൂര്ത്തിയായിട്ടില്ലെന്ന വിചിത്ര ന്യായീകരണമാണ് വിവരാവകാശ മറുപടിയില് അധികൃതര് നല്കിയത്.
തുടര്ന്ന് 2026 ജൂലൈ 15ന് നല്കിയ മറ്റൊരു വിവരാവകാശ ചോദ്യത്തിന്, കെട്ടിടം പൊളിച്ചുനീക്കാന് ചീഫ് ടൗണ് പ്ലാനറുടെ അനുമതിയോ കൗണ്സില് അംഗീകാരമോ വേണ്ടെന്ന രീതിയിലാണ് നഗരസഭ മറുപടി നല്കിയത്.
ഇതിനെതിരെ വിവരാവകാശ പ്രവര്ത്തകന് സുരേഷ് പുതിയേടത്ത് ഒന്നാം അപ്പീല് അധികാരിയായ എല്.ഐ.ഡി ആന്ഡ് ഇ.ഡബ്ല്യു സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയര് മുമ്പാകെ സെപ്റ്റംബര് 9ന് അപ്പീല് സമര്പ്പിച്ചു. തുടര്ന്ന് നടന്ന ഹിയറിങ്ങില്, ചുമര് നിര്മാണമോ പൊളിച്ചുമാറ്റലോ നടന്നിട്ടുണ്ടെങ്കില് അതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്സില് അംഗീകരിച്ച അജണ്ടയും തീയതിയും മിനിട്സ് കോപ്പിയും അപേക്ഷകന് നല്കാന് കര്ശന ഉത്തരവുണ്ടായി.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില് പരിശോധിച്ചപ്പോഴാണ് കൂടുതല് ദുരൂഹതകള് പുറത്തുവന്നത്. 2026 ജൂലൈ 27ന് നടന്ന മുനിസിപ്പല് കൗണ്സില് യോഗത്തിന്റെ അജണ്ടയിലെ 54-ാം നമ്പര് അജണ്ടയായാണ് ഇത് പിന്നീട് ഉള്പ്പെടുത്തിയത്. വിവരാവകാശ ചോദ്യത്തിന് മറുപടി നല്കാന് വേണ്ടി മാത്രം വൈകി വിഷയം കൗണ്സില് അജണ്ടയില് ഉള്പ്പെടുത്തുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. ഏപ്രില് 21ന് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്ത് മൂന്ന് മാസത്തിന് ശേഷം, അതും കെട്ടിടം പൊളിച്ചുമാറ്റിയതിന് ശേഷം മാത്രം അനുമതി തേടിയത് പൂര്ണമായും നിയമവിരുദ്ധമാണ്. കൗണ്സിലിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥര് തന്നിഷ്ടപ്രകാരം എടുത്ത തീരുമാനം കടുത്ത പൊതുപണ ദുര്വിനിയോഗത്തിന് കാരണമായെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ വിവരാവകാശ അപേക്ഷയോടുള്ള നഗരസഭാ ഉദ്യോഗസ്ഥരുടെ സമീപനവും പ്രതിഷേധത്തിന് വഴിവെച്ചു. കൃത്യമായ വിവരം കൈമാറാതെ ഫോണില് വിളിച്ച് ഓഫീസിലേക്ക് വരുത്തി മൂന്ന് ദിവസത്തോളം അലട്ടിയെന്നും ഒടുവില് ചുമതലപ്പെടുത്തിയ ഒന്നാം ഗ്രേഡ് ഓവര്സിയര് തന്റെ സീറ്റില് നിന്ന് ഫയലെടുത്ത് കൊണ്ടുവന്ന് മേശപ്പുറത്തിടാന് അപേക്ഷകനോട് ആവശ്യപ്പെട്ടുവെന്നും പരാതിയുണ്ട്. വായ്പയെടുത്താണെങ്കിലും പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിര്മിച്ച ബസ് സ്റ്റാന്ഡ് കെട്ടിടം ബലക്ഷയം വരുന്ന രീതിയില് തന്നിഷ്ടപ്രകാരം പൊളിച്ചുമാറ്റിയ നടപടിക്കെതിരെയും ഉദ്യോഗസ്ഥ അഹന്തയ്ക്കെതിരെയും ശക്തമായ നിയമപോരാട്ടം തുടരുമെന്ന് വിവരാവകാശ പ്രവര്ത്തകര് വ്യക്തമാക്കി.
