കാഞ്ഞങ്ങാട്: ചേറ്റുകുണ്ട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ധ്യാന്‍രാജ് (15) ആത്മഹത്യ ചെയ്തത് അധ്യാപികയുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം.
കാസര്‍കോട് നഗരത്തിലെ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ധ്യാന്രാജിനെ കഴിഞ്ഞ മാസം 11ന് വൈകിട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മംഗളൂരു കളക്ടറേറ്റ് ഓഫീസ് ജീവനക്കാരനായ ചേറ്റുകുണ്ട് കീക്കാനത്തെ രാജേഷ് കുമാറിന്റെയും മാന്യ, കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ് ധ്യാന്‍രാജ്.
കുടുംബം പറയുന്നത് ഇങ്ങനെ:
കാസര്‍കോട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയുടെ മാനസിക പീഡനം മൂലം മാത്രമാണ് ഞങ്ങളുടെ മകന് കടുത്ത തീരുമാനം എടുത്തത്. ‘ഒരു ദിവസം ‘ഇന്ന് ധ്യാന്‍രാജ് ക്ലാസില്‍ വന്നിട്ടുണ്ട്, ഇന്ന് ഉന്മേഷവാനായിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞ് അധ്യാപിക ക്ലാസില്‍ വെച്ച് തന്നെ കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിച്ചിട്ടുണ്ട്. ‘നിന്റെ അമ്മ സജീവമാണ്, നീ എന്താ ഇങ്ങനെ’ എന്നൊക്കെ പറഞ്ഞു’ എന്ന് കുടുംബം ആരോപിക്കുന്നു. കരകൗശല നിര്‍മ്മാണം, ചിത്രരചന തുടങ്ങിയ ഇനങ്ങളില്‍ ഉപജില്ലാ മത്സരത്തില്‍ ധ്യാന്‍രാജ് എ ഗ്രേഡ് നേടിയിരുന്നു. എന്നിട്ടും ഈ അധ്യാപിക ക്ലാസ് ഗ്രൂപ്പിലോ സ്കൂള്‍ ഗ്രൂപ്പിലോ ബി ഗ്രേഡ് കിട്ടിയ കുട്ടികളുടെ ഫോട്ടോ വരെ ഇട്ടപ്പോള്‍ മകന്റെ ഫോട്ടോ ഇട്ടില്ലെന്ന് കുടുംബം പറയുന്നു. ഇത്തരം കാര്യങ്ങള്‍ അവന് വീട്ടില്‍ പരാതി പറയാറുണ്ടായിരുന്നുവെന്നും, അന്ന് ഒരു അധ്യാപിക അല്ലേ എന്ന് കരുതി കാര്യമായി എടുത്തില്ലെന്നും പിതാവ് പറയുന്നു. പിന്നീട് മറ്റ് കുട്ടികളും രക്ഷിതാക്കളും പറയുമ്പോഴാണ് ഇത് മകന് മാത്രം പറഞ്ഞതല്ലെന്ന് സത്യമാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറയുന്നു.
ധ്യാന്‍രാജ് പഠനത്തിലും മറ്റു കാര്യങ്ങളിലും വളരെ സജീവമായിരുന്നുവെന്നും, അത് മറ്റ് അധ്യാപകരോട് അന്വേഷിച്ചാല്‍ മനസ്സിലാകുമെന്നും പിതാവ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഉച്ചഭക്ഷണത്തിനായി അപേക്ഷാ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ ലഭിച്ച അപേക്ഷാ ഫോറം കന്നഡ കുടുംബമായ ഇവര്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതിന്റെ തന്നെ കന്നഡ ഫോറം ധ്യാന്രാജിന്റെ മാതാവിന്റെ കൈയിലുണ്ടായിരുന്നു. ഇത് പൂരിപ്പിച്ചാണ് ഇവര്‍ സ്കൂളില്‍ സമര്‍പ്പിച്ചത്. ഇതിനെ അധ്യാപിക തള്ളിക്കളയുകയായിരുന്നു. ഇതിനെ ധ്യാന്രാജിന്റെ മാതാവ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ധ്യാന്രാജിനോട് അധ്യാപിക പല വിഷയങ്ങളിലും ക്രൂരമായി പെരുമാറാന്‍ തുടങ്ങിയതെന്നും ഇതില്‍ മനംനൊന്താണ് തങ്ങളുടെ മകന് ആത്മഹത്യ ചെയ്തതെന്നും രക്ഷിതാക്കള്‍ പറയുന്നു.
സ്കൂളില്‍ പഠിക്കുന്ന കുറെ കുട്ടികളോട് ഇതേപോലെ പീഡനം കാണിക്കാറുണ്ടെന്നും, മരണശേഷം ഒരുപാട് രക്ഷിതാക്കള്‍ വിളിച്ച് ഇതേ പരാതി പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപികയ്ക്കെതിരെ നല്കിയ പരാതിയില്‍ പതിനഞ്ചോളം രക്ഷിതാക്കള്‍ ഒപ്പുവെച്ചിട്ടുണ്ട്. ക്ലാസ് പരീക്ഷകള്‍ക്ക് 10 മാര്‍ക്ക് കിട്ടേണ്ട സ്ഥലത്ത് അധ്യാപിക മനപ്പൂര്‍വം മാര്‍ക്ക് കുറച്ചിട്ടതായും കണ്ടെത്തിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു.
നേരത്തെ അധ്യാപികയുടെ പെരുമാറ്റം കാരണം ഇതേ സ്കൂളിലെ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും വീട്ടുകാരുടെ ഇടപെടല്‍ കാരണം രക്ഷപ്പെടുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റ് അധ്യാപകരെ കുറിച്ച് ഒരു പരാതിയുമില്ലെന്നും കുടുംബം പറയുന്നു.
മരണത്തിന് ഉത്തരവാദിയായ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കീക്കാനം വൃന്ദാവനം ബാലഗോകുലത്തിലെ സജീവ അംഗമാണ് ധ്യാന്‍രാജ്.
