കേരളത്തിന്റെ ജാതകമെഴുതിയ പാര്‍ട്ടിയാണ് സി.പി.എം : എം.ഷാജിര്‍

പെരിയ: കേരളം ഇന്ന് കാണുന്ന രീതിയില്‍ ജീവിക്കാന്‍ വഴിയൊരുക്കിയത് സി.പി.ഐ.എം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമങ്ങളാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജിര്‍ പറഞ്ഞു. കേരളത്തിന്റെ ജാതകമെഴുതിയ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരംപതിയില്‍ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 15, 16 തീയതികളില്‍ കാസര്‍കോട് നടക്കുന്ന സി.പി.ഐ.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് ബഹുജന സംഗമം സംഘടിപ്പിച്ചത്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളായ എ. ശേഖരന്‍ നായര്‍, കെ. കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ അനുസ്മരണവും ഇതോടൊപ്പം നടന്നു.
ചെക്കിപ്പള്ളത്തു നിന്ന് ബാന്‍ഡ് മേളത്തിന്റെയും കേരളീയ വേഷമണിഞ്ഞ് ചെങ്കൊടിയേന്തിയ 100 വനിതകളുടെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും അകമ്പടിയോടെ പ്രകടനത്തോടെയാണ് പരിപാടി ആരംഭിച്ചത്. വില്ലാരംപതിയില്‍ സമാപിച്ച പ്രകടനത്തിന് ശേഷമാണ് പൊതുയോഗം നടന്നത്.
ഏരിയ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എ. ഷാജി, എസ്. ശബരീനാഥന്‍, പി. ജ്യോതിബസു, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ബിന്ദു, എം. മോഹനന്‍, ശാരദ എസ്. നായര്‍, പി. കൃഷ്ണന്‍, കെ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പെരിയ ലോക്കല്‍ സെക്രട്ടറി ടി. ഷാജീവന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച 70 വയസ്സിന് മുകളിലുള്ള പാര്‍ട്ടി അംഗങ്ങളെ ആദരിക്കുകയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിക്കുകയും ചെയ്തു.

 

error: Content is protected !!