കാഞ്ഞങ്ങാട്: ബലക്ഷയം സംഭവിച്ചതിനാല്‍ പൊളിച്ചുനീക്കണമെന്ന കോഴിക്കോട് എന്‍.ഐ.ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് കെട്ടിടം പൊളിച്ചുമാറ്റുമെന്ന് ചെയര്‍മാന്‍ വി.വി. രമേശന്‍ കൗണ്‍സിലില്‍ ഉറപ്പ് നല്‍കി. ബലക്ഷയമുള്ള ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായിരുന്നെങ്കിലും ഫെബ്രുവരി 2ന് എന്‍.ഐ.ടി സംഘം നല്‍കിയ ആദ്യ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതില്‍ ബി.ജെ.പി – യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ പോലും അറിയാതെ പഴയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ അറ്റകുറ്റപ്പണികളാണ് ബലക്ഷയത്തിന് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. കോട്ടച്ചേരിക്ക് പുറമെ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലെ അനധികൃത നിര്‍മാണവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
നടപടിക്രമം പാലിച്ച് ഒഴിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍, സ്റ്റാന്‍ഡിലെ കടകള്‍ പലതും ബിനാമികളുടെ കൈയിലാണെന്നും അവരോട് ആലോചിക്കേണ്ടതില്ലെന്നും ചില കൗണ്‍സിലര്‍മാര്‍ വാദിച്ചു. എന്നാല്‍ അവരോടല്ല, അവിടെ കച്ചവടം നടത്തുന്ന സാധാരണക്കാരോടാണ് തനിക്ക് ഉത്തരവാദിത്തമെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി.
കടയുടമകളെയെല്ലാം വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തിയ ശേഷം പൊളിച്ചുമാറ്റല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
