കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ ലഹരി നല്കി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കുരുവിപുഴ സ്വദേശി രാഹുല്‍ (32) നെയാണ് എറണാകുളത്ത് വെച്ച് അമ്പലത്തറ പോലീസ് പിടികൂടിയത്.
രാജപുരം എസ്.എച്ച്.ഒ. എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.വി. പ്രകാശന്, എ.എസ്.ഐമാരായ കെ. ജയരാജന്, ബിജു കീനേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് മയിച്ച എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അമ്പലത്തറ സ്റ്റേഷന് പരിധിയിലെ 40 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഫേസ്ബുക്കില്‍ ‘പ്രേം’ എന്ന പേരില്‍ വ്യാജ ഫോട്ടോയിട്ടാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട്ടും പറശ്ശിനിക്കടവിലെ ലോഡ്ജിലും യുവതിയുടെ വീട്ടില്‍ വെച്ചും പീഡനം നടന്നതായി പറയുന്നു.
പീഡനം തുടര്‍ന്നതോടെ യുവതി പ്രതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിനും മകള്‍ക്കും വാട്സാപ്പ് വഴി അയച്ച് നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതി താമസിക്കുന്ന പാലാരിവട്ടത്തെ ഫ്ലാറ്റിന് മുന്നിലെത്തിയത്. എറണാകുളത്തെ ഇന്‍സ്റ്റാമാര്‍ട്ട് സ്ഥാപനത്തിലെ ഡെലിവറി ബോയാണ് പ്രതി. ജോലി കഴിഞ്ഞ് വരുന്നതുവരെ കാത്തിരുന്ന പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
പ്രതിയെ ഇന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
