അമ്പലത്തറ: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളമുണ്ട പാല്‍കുളം പ്രദേശത്ത് പട്ടയ ഭൂമിയില്‍ അനധികൃതമായി ക്വാറി തുടങ്ങാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. സമരസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലയിലാണ് ക്വാറി ആരംഭിക്കാന്‍ ശ്രമം നടന്നത്. പട്ടയ ഭൂമിയില്‍ ഖനനം പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് അധികൃതരുടെ അനുമതി പോലുമില്ലാതെ ക്വാറി തുടങ്ങാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രസിദ്ധമായ പാല്‍കുളം ദേവീ ക്ഷേത്രത്തിന് തൊട്ടടുത്താണ് ക്വാറി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം. ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ പൊട്ടിത്തെറി മൂലമുള്ള ശബ്ദമലിനീകരണം, രൂക്ഷമായ പൊടിശല്യം, കുടിവെള്ള സ്രോതസ്സുകള്‍ വറ്റി കുടിവെള്ള ക്ഷാമം, സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍ വീഴല്‍ തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് കോടോം-ബേളൂര്‍ വില്ലേജ് ഓഫീസര്‍ കെ.ടി. വിനോദും അമ്പലത്തറ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
അനധികൃത ക്വാറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 12-ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ വെള്ളമുണ്ട, കണ്‍വീനര്‍ എസ്.ആര്‍. വൈഷ്ണവ് എന്നിവര്‍ അറിയിച്ചു.
