ടി ബി മുക്ത ഭാരത് അഭിയാന്‍ – ജോഷ്’ ടീം രൂപീകരണവും ജില്ലാതല ഉദ്ഘാടനവും കാഞ്ഞങ്ങാട് നടന്നു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ‘ടി ബി മുക്ത ഭാരത് അഭിയാന്‍ – ജോഷ് (ജോയിന്റ് സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത്)’ ടീമിന്റെ ജില്ലാതല രൂപീകരണവും ഉദ്ഘാടനവും നടത്തി. കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പരിപാടിയുടെ ഉദ്ഘാടനവും ടി ബി മുക്ത പഞ്ചായത്തുകളെ ആദരിക്കലും നിര്‍വ്വഹിച്ചു.
പരിപാടിയില്‍ ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച ദേശീയതല സമാരംഭത്തിന്റെ തത്സമയ സംപ്രേക്ഷണം, ടി ബി ചാമ്പ്യന്‍മാരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവയും നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വി. രമേശന്‍, എ.ഡി.എം. പി. ഉദയകുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ ടി ബി ഓഫീസര്‍ ഡോ. കെ.സന്തോഷ് പദ്ധതി വിശദീകരണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ് ടി ബി മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എ കെ രേഷ്മ, പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി സി എം ഓ ഡോ കെ ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ എം രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ടി ബി ചാമ്പ്യന്‍ പി കെ താഹിര്‍ ഇസ്മായില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രേഖ കെ. ടി. സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ടി ബി മുക്ത് പഞ്ചായത്ത് ഗോള്‍ഡ് മെഡല്‍ നേടിയ വലിയപറമ്പ, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍, സില്‍വര്‍ മെഡല്‍ നേടിയ കുറ്റിക്കോല്‍, ബേഡഡുക്ക, പനത്തടി, കള്ളാര്‍, ബളാല്‍, മടിക്കൈ പഞ്ചായത്തുകള്‍, ബ്രോണ്‍സ് മെഡല്‍ നേടിയ വെസ്റ്റ് എളേരി, നീലേശ്വരം മുനിസിപ്പാലിറ്റി, കാസര്‍കോട് മുനിസിപ്പാലിറ്റി, കോടോം ബേളൂര്‍, ഈസ്റ്റ് എളേരി, പിലിക്കോട്, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളെ ആദരിച്ചു.
യുവജന പങ്കാളിത്തത്തിലൂടെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ‘ജോഷ്’
പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസ്-1 നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മൈ ഭാരത് വോളന്റിയര്‍മാരും എന്‍.സി.സി. കേഡറ്റുകളും ഉള്‍പ്പെടുന്ന 10 അംഗ ടീമുകളാണ് ബ്ലോക്ക്/വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുക. ക്ഷയരോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, വീടുവീടാന്തരമുള്ള പരിശോധനകള്‍, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെയുള്ള ഈ കൂട്ടായ പ്രവര്‍ത്തനം ‘ടി ബി മുക്ത ഭാരതം’ എന്ന ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ സഹായിക്കും.

 

error: Content is protected !!