ആദൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 18 ഗ്രാം എം.ഡി.എം.എയുമായി കൊലക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബേക്കൂര്‍ സ്വദേശി മുഹമ്മദ് റിയാസ് (33), നെല്ലിക്കട്ട ചൂരിമൂലയില്‍ താമസിക്കുന്ന മുഹമ്മദ് റഫീഖ് (36) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ആദൂര്‍ പള്ളം പാലത്തിന് സമീപമായിരുന്നു നടപടി.
ടൂറിസ്റ്റ് ബസ് റോഡിന് കുറുകെയിട്ട് സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കടത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.ആദൂര്‍ എസ്.എച്ച്.ഒ കെ. ശരത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എം. ഉണ്ണികൃഷ്ണന്‍, സുകുമാരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീഷ് കുമാര്‍ പള്ളിക്കൈ, രഞ്ജിത്ത്, മധു പടുപ്പ്, സി. ശ്രീജിത്ത്, പി. സതീശന്‍, ബി. രഞ്ജിത്ത്, ഡ്രൈവര്‍ സൂരജ് എന്നിവരും ഡാന്‍സാഫ് സംഘാംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.
അറസ്റ്റിലായ മുഹമ്മദ് റിയാസിനെതിരെ ഗുരുതര ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. 2019 ജൂണ്‍ 23ന് രാത്രി ഉപ്പള കൈക്കമ്പയില്‍ ഒരാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് റിയാസ്. കര്‍ണാടകയിലും ഇയാള്‍ക്കെതിരെ വിവിധ കേസുകള്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.
മറ്റൊരു പ്രതിയായ മുഹമ്മദ് റഫീഖ് മഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
