നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്ന് ബി.ജെ.പിക്കെതിരെ അനാവശ്യ അപവാദ പ്രചരണം നടത്തുന്നുവെന്ന് ബി.ജെ.പി നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗര്‍ ചാത്തമത്ത് പറഞ്ഞു. നീലേശ്വരത്തെ ജനങ്ങള്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോയി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി, നീലേശ്വരം പുഴയ്ക്ക് പുതിയ പാലം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് നേടിയെടുത്തിട്ടും ആകാശപാതയ്ക്ക് തടസ്സം ബി.ജെ.പിയാണെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ദേശീയപാത നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് ജനകീയ സമിതി ആകാശപാത എന്ന ആവശ്യവുമായി സമരരംഗത്ത് വന്നത്. ബി.ജെ.പി ഒരു ജനകീയ സമരത്തെ എതിര്‍ക്കാനോ അപഹസിക്കാനോ തയ്യാറല്ല. എന്നാല്‍ സമരത്തിലെ ചില വ്യക്തികള്‍ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തുകയും ആരും അറിയാതെ ബി.ജെ.പിയുടെ ഉന്നത നേതാക്കളെ കാണുകയും കേന്ദ്രമന്ത്രി ഇടപെട്ട കാര്യങ്ങള്‍ മറച്ചുവെച്ച് ആകാശപാത നേടിയെടുക്കാമെന്ന വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന പി.കെ. കൃഷ്ണദാസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ വിദഗ്ധ സംഘത്തെ നീലേശ്വരത്ത് കൊണ്ടുവരാനും മണ്ണ് പരിശോധന നടത്താനും ബി.ജെ.പി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചുവരികയാണ്. പരിശോധനയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം കണ്ടെത്തിയാല്‍ ആകാശപാത നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബി.ജെ.പിക്ക് സാധിക്കുമെന്നും അല്ലാത്തപക്ഷം കേന്ദ്രമന്ത്രിയില്‍ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത വികസനം മുന്നോട്ടുപോകുമെന്നും സാഗര്‍ ചാത്തമത്ത് വ്യക്തമാക്കി.
നാടിനെ ബാധിക്കുന്ന വിഷയം ഉണ്ടാകുമ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ചേര്‍ന്ന് സര്‍വകക്ഷി സംഘം രൂപീകരിക്കുന്നത് സ്വാഭാവികമാണ്. അത്തരം സംഘങ്ങളാണ് മന്ത്രിമാരെയും ബന്ധപ്പെട്ട അധികാരികളെയും കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയും സര്‍വകക്ഷി സംഘത്തില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയെ കണ്ടത്. ഇതിനെ വലിയ അപരാധമായും അഴിമതിയായും ജനകീയ സമിതി ചിത്രീകരിക്കുന്നത് ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളോടുള്ള പുച്ഛമനോഭാവമായി മാത്രമേ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ഭാഗമായാണ് നീലേശ്വരത്തും ദേശീയപാത വികസിപ്പിക്കുന്നത് എന്ന കാര്യം മറച്ചുവെച്ച് ബി.ജെ.പി വികസന വിരോധികളാണെന്ന് പറഞ്ഞ് ബി.ജെ.പി വിരോധം പ്രകടിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും കാലം തെളിയിക്കുമെന്നും സാഗര്‍ ചാത്തമത്ത് കൂട്ടിച്ചേര്‍ത്തു.
