നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മണ്‍തിട്ടയ്ക്ക് പകരം ആകാശപാത (ഫ്‌ലൈഓവര്‍) നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരം 196 ദിവസങ്ങള്‍ പിന്നിട്ടു. അധികാരികളുടെ അവഗണനക്കെതിരെയുള്ള റിലേ പ്രതിഷേധ ജാഥയുടെ ഏഴാം ദിനമായ ഇന്ന് വൈകിട്ട് സമരപ്പന്തലില്‍ നിന്നാരംഭിച്ച ജാഥ വന്‍ ജനപങ്കാളിത്തത്തോടെ ചിറപ്പുറത്ത് സമാപിച്ചു. ചിറപ്പുറം ടൗണ്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ സമര ഭടന്മാര്‍ക്ക് അഭിവാദ്യം ചെയ്തു.
പാലത്തിലേക്കുള്ള റാമ്പ് നിര്‍മ്മാണത്തിനായി ഒരുക്കുന്ന സ്ഥലത്തെ വെള്ളക്കെട്ടില്‍ കളിത്തോണികള്‍ ഇറക്കിയായിരുന്നു ഇന്ന് സമരപ്പോരാളികള്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. യാതൊരു പഠനങ്ങളുമില്ലാതെ നടത്തുന്ന ഈ അശാസ്ത്രീയ നിര്‍മ്മാണം മൂലം പ്രദേശത്ത് വരുംദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന രൂക്ഷമായ വെള്ളക്കെട്ടിന്റെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും നേര്‍ചിത്രമാണ് ഈ വേറിട്ട പ്രതിഷേധത്തിലൂടെ സമരസമിതി അധികാരികള്‍ക്ക് മുന്നില്‍ വരച്ചുകാട്ടിയത്.
പാലത്തിലേക്കുള്ള റാമ്പ് പണിയാനെന്ന വ്യാജേന നിര്‍മാണ കമ്പനി മറ്റു സ്ഥലങ്ങളില്‍ നിന്നും കൂറ്റന്‍ കോണ്‍ക്രീറ്റ് കഷണങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നതില്‍ ജനങ്ങള്‍ കടുത്ത പ്രധിഷേധവും ആശങ്കയും രേഖപ്പെടുത്തി. രാത്രിയുടെ മറവില്‍ സിമന്റ് മാലിന്യം വെള്ളക്കെട്ടില്‍ തള്ളിയത് സമര സമിതി ഭാരവാഹികള്‍ ജില്ലാ കളക്ടറെ ഉടന്‍ തന്നെ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.
ഭാരം താങ്ങാന്‍ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഉയര്‍ത്തുന്ന ഈ മണ്‍തിട്ട സമീപവാസികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
നീലേശ്വരത്ത് തൂണുകള്‍ക്ക് മുകളിലൂടെയുള്ള ആകാശപാത അത്യന്താപേക്ഷിതമാണെന്ന് മുന്‍ കലക്ടര്‍ സര്‍ക്കാരിലേക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും അധികാരികള്‍ മുഖംതിരിക്കുകയാണ്.
നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്നതും നാടിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ തകര്‍ക്കുന്നതുമായ ഈ മണ്‍തിട്ട നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കണം. നെടുങ്ങണ്ട മുതല്‍ കരുവച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യം നേടിയെടുക്കും വരെ, എന്തുവിലകൊടുത്തും സമരം കൂടുതല്‍ ശക്തമായി തുടരുമെന്നും സമരസമിതി ആവര്‍ത്തിച്ചു.
ഇന്ന് സമരത്തിന് പത്മ സംഘം വിവേര്‍സ് കോളനി പ്രതിനിധികള്‍ സമര പന്തലില്‍ എത്തി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.
