കാണാതായ യുവാവിനെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മടിക്കൈ: കാണാതായ യുവാവിനെ കാട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ മൂന്ന് റോഡില്‍ എരിപ്പില്‍ കുഞ്ഞമ്പുവിന്റെയും മീനാക്ഷിയുടെയും മകന്‍ വൈശാഖ് (22) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് വൈശാഖിനെ വീട്ടില്‍ നിന്ന് കാണാതായത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ ചായ്യോത്ത് നാരത്തുംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വൈശാഖിന്റെ മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കേടുപാടുകള്‍ സംഭവിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വെള്ളച്ചാട്ടത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കാണാതാകുന്നതിന് അരമണിക്കൂര്‍ മുമ്പ് വൈശാഖ് സുഹൃത്തിനെ ഫോണില്‍ വിളിച്ചിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് കാണാമെന്ന് പറഞ്ഞിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഗള്‍ഫിലേക്ക് പോകുന്നതിനായി വൈശാഖ് പാസ്പോര്‍ട്ട് എടുത്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് ഇന്നലെ നാരത്തുംകൊല്ലി കാട്ടിനുള്ളില്‍ വൈശാഖിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സഹോദരന്‍: വിശാഖ് .

 

error: Content is protected !!