കാഞ്ഞങ്ങാട്: മന്ത്രി ഒ.ജെ ജീനിഷിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത ജില്ലാ ആശുപത്രിയിലെ ദന്തഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.ജില്ലാ ആശുപത്രിയില്‍ എന്‍.എച്ച്.എം വഴി ഡെന്റല്‍ സര്‍ജനായി ജോലി ചെയ്തുവന്ന ഡോ. സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് പിരിച്ചുവിട്ടത്. നാഷണല്‍ ഹെല്‍ത്ത് മിഷന് കാസര്‍കോട് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദനാണ് ഉത്തരവിറക്കിയത്.
ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സി.പി.എം ഹോസ്ദുര്‍ഗ് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഡോ. സിദ്ധാര്‍ത്ഥ്. ഒമ്പത് വര്‍ഷമായി ജില്ലാ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ജീവനക്കാരനായ ഡോക്ടറുടെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.അതേസമയം, ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് എന്ന നിലയിലാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ സമര പരിപാടിയില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമല്ലെന്നും പിരിച്ചുവിടലിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
