തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിയെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ രാജിവെച്ചു. ഒരു സീറ്റിന്റെമാത്രം ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ശ്രീലേഖയുടെ രാജി. മേയര്‍ സ്ഥാനം നല്‍കാത്തതിലുള്ള കടുത്ത അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് വിവരം. സെപ്റ്റംബര്‍ 30-ന് ശ്രീലേഖ രാജിക്കത്ത് മേയര്‍ വി.വി.രാജേഷിന് കൈമാറിയിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വകാര്യ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നാണ്
ശ്രീലേഖ നല്‍കുന്ന വിശദീകരണം. മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് പറഞ്ഞാണ് തന്നെ മത്സരിപ്പിച്ചിരുന്നതെന്ന് നേരത്തെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ ശ്രീലേഖ പറഞ്ഞിരുന്നു.
മേയറാക്കാത്തതിലുള്ള അതൃപ്തിയും അവര്‍ പലപ്പോഴായി പ്രകടമാക്കുകയും ചെയ്തിരുന്നു.
ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം
നഷ്ടമായി. 101 അംഗ കൗണ്‍സിലില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളായിരുന്നു എന്‍ഡിഎയ്ക്കുള്ളത്. ശ്രീലേഖയുടെ രാജിയോടെ ബിജെപി കൗണ്‍സിലര്‍മാരുടെ എണ്ണം 49 ആയി ചുരുങ്ങുകയും ആകെ സീറ്റുകളുടെ എണ്ണം 50 ആകുകയും ചെയ്തു. ബിജെപിയുടെ 49 കൗണ്‍സിലര്‍മാരില്‍ ഒരു കൗണ്‍സിലര്‍ ജയിലിലുമാണ്.
