വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നിലവിലുള്ള ഭൂമിയുടെ ന്യായവില സാധാരണക്കാരെ ദുരിതത്തിലാക്കുന്നതും റിയല്‍ എസ്റ്റേറ്റ്-നിര്‍മ്മാണ മേഖലകളെ സ്തംഭിപ്പിക്കുന്നതുമാണെന്ന് കേരള കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ന്യായവില അടിയന്തരമായി പുനഃപരിശോധിച്ച് കുറവ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ വിപണിമൂല്യത്തേക്കാള്‍ പലമടങ്ങ് ഉയര്‍ന്ന തുകയാണ് പലയിടങ്ങളിലും ന്യായവിലയായി നിശ്ചയിച്ചിട്ടുള്ളത്. ഇത് കാരണം ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും വന്‍ തുക സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമായി നല്‍കേണ്ടിവരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങി വീട് വെക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരെയും, മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കായി കൈവശമുള്ള ഭൂമി വില്ക്കാന് ശ്രമിക്കുന്ന കുടുംബങ്ങളെയും ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ന്യായവിലയിലെ ഭീമമായ വര്‍ദ്ധനവ് കാരണം ഭൂമിയുടെ ക്രയവിക്രയങ്ങള്‍ വലിയ തോതില്‍ നിലച്ചിരിക്കുകയാണ്. സാധാരണക്കാര്‍ രജിസ്ട്രേഷന് ഓഫീസുകളിലേക്ക് എത്താത്ത സാഹചര്യം സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനത്തെപ്പോലും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ന്യായവില പ്രായോഗികമായ രീതിയില്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജേറ്റോജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. സാലു അധ്യക്ഷത വഹിച്ചു. പ്രിന്‍സ് ജോസഫ്, അഡ്വ:നിസം ഫലാഖ് ,സക്കറിയാസ് വടാന,ജോസ് തേക്കും കാട്ടില്‍ ,ഷൈജു ബിരിക്കുളം.ബെന്നി വി . സി .അടുക്കം,
ആന്റണി കോളിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ജോസ് ചിത്രക്കുഴി നന്ദിയും സെബാസ്റ്റ്യന്‍ മണ്ണാര്‍ക്കുളം .നന്ദിയും പറഞ്ഞു.
