ആറര മണിക്കൂര്‍ കറന്റ് കട്ട്; ഓക്‌സിജന്‍ കിട്ടാതെ വയോധിക മരിച്ചു : കെഎസ്ഇബിക്കെതിരെ പരാതി

കാഞ്ഞങ്ങാട്:* മണിക്കൂറുകളോളം വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ പ്രവര്‍ത്തനം നിലച്ച് വയോധിക മരിച്ചു. അതിഞ്ഞാല്‍ കെ.കെ. പുരയില്‍ ബീരാന്‍ കാടത്ത് ഖാദറിന്റെ ഭാര്യ മറിയം (75) ആണ് മരിച്ചത്. ഗാന്ധിജയന്തി ദിനത്തില്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8.40 വരെ ആറര മണിക്കൂറോളമാണ് വൈദ്യുതി മുടങ്ങിയത്. ഇക്ബാല്‍ റോഡ് ജംഗ്ഷനില്‍ ആരംഭിച്ച സ്വകാര്യ സ്ഥാപനത്തിലേക്ക് പോസ്റ്റ് മാറ്റുന്നതിനാണ് വൈദ്യുതി മുടക്കിയതെന്നാണ് പറയപ്പെടുന്നത്.
ഉച്ചയ്ക്ക് കറന്റ് പോയതോടെ ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെയാണ് ഓക്‌സിജന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. രാത്രിയോടെ ഇന്‍വെര്‍ട്ടറിന്റെ ചാര്‍ജ് തീര്‍ന്നതോടെ ഓക്‌സിജന്‍ സംവിധാനവും നിലച്ചു. ഇതോടെയാണ് മറിയം മരണത്തിന് കീഴടങ്ങിയത്. രാത്രി 8.30 ഓടെയായിരുന്നു മരണം.

കഫക്കെട്ട് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മറിയത്തെ രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. വൈദ്യുതി മുടങ്ങിയ വിവരം അറിയാന്‍ പല തവണ ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈദ്യുതി നിലച്ചതോടെ ഈ ഭാഗത്തെ പല വ്യാപാരികളും നേരത്തെ കടകള്‍ പൂട്ടി പോകേണ്ടി വന്നു.

സംഭവത്തില്‍കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അജാനൂര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍ കാഞ്ഞങ്ങാട് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുശാന്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. നളിനി എന്നിവര്‍ക്ക് പരാതി നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരിയുടെ നേതൃത്വത്തില്‍ മെമ്പര്‍മാരായ സി. കുഞ്ഞാമിന, ഖാലിദ് അറബിക്കടത്ത്, സി.പി. സുബൈര്‍, സി.എച്ച്. നിസാമുദ്ദീന്‍ എന്നിവരാണ് പരാതി നല്‍കിയത്. മക്കള്‍:ശരീഫ, സുബൈദ, സാജിത. മരുമക്കള്‍:
കുഞ്ഞാമത് തെക്കേപ്പുറം, അമീര്‍ ചെറുവത്തൂര്‍, മൊയ്തു ബേക്കല്‍.

 

error: Content is protected !!