കാഞ്ഞങ്ങാട് നഗരത്തില്‍ സംഘര്‍ഷാവസ്ഥ; കായിക മന്ത്രിക്ക് നേരെ ബിജെപിയുടെയും ഡിവൈഎഫ്‌ഐയുടെയും കരിങ്കൊടി

കാഞ്ഞങ്ങാട്:* നെയ്യാറ്റിന്‍കരയില്‍ ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെത്തിയ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. ഹോസ്ദുര്‍ഗില്‍ വെച്ചായിരുന്നു സംഭവം.
മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി പി. നിതിന്‍ രാജിന്റെയും ഡിവൈഎസ്പി അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. മന്ത്രിക്ക് പോകാന്‍ വഴിയൊരുക്കുന്നതിനിടെ കരിങ്കൊടി കാണിച്ച ബിജെപി – യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ഏറെനേരം സംഘര്‍ഷാവസ്ഥ ഉണ്ടായി.പിന്നാലെ കാഞ്ഞങ്ങാട് വ്യാപാര ഭവന് സമീപം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മന്ത്രിയുടെ വാഹനം തടഞ്ഞു. കരിങ്കൊടിയും വാഴത്തൈയുമായി പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് ചാടിവീണു. പോലീസ് എത്തി പ്രവര്‍ത്തകരെ മാറ്റിയ ശേഷമാണ് വാഹനം കടന്നുപോയത്. സംഭവം കണ്ട സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയതോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി.
വ്യാപാര ഭവനില്‍ നടക്കുന്ന യുവജനക്ഷേമ ബോര്‍ഡിന്റെ ട്രക്കിംഗ് ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. നേരത്തെ നീലേശ്വരത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു.

 

error: Content is protected !!