‘ഏ… നാരായണാ…’ – തിരിഞ്ഞുനോക്കിയത് ഒരു കൂട്ടം നാരായണന്മാര്‍; മടിയന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ യാദൃച്ഛികമായി ഒത്തുകൂടിയത് ആറു നാരായണന്മാര്‍

മടിയന്‍: ”ഏ… നാരായണാ…’ എന്നൊരു വിളി. തിരിഞ്ഞുനോക്കിയത് ഒരാള്‍ മാത്രമല്ല. ഒരു കൂട്ടം നാരായണന്മാര്‍. മടിയന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ യാദൃച്ഛികമായി നടന്ന ഈ അപൂര്‍വ സംഗമം കൗതുകക്കാഴ്ചയായി.
ഒരേ പേരില്‍ അറിയപ്പെടുന്ന ആറുപേര്‍ ഒരുമിച്ച് ഇരുന്നപ്പോള്‍, ആരെ വിളിച്ചാലും തിരിഞ്ഞുനോക്കേണ്ട അവസ്ഥയായിരുന്നു. വ്യത്യസ്ത ജീവിതമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇവരുടെ സൗഹൃദ സംഗമം നാട്ടുകാര്‍ക്കും വേറിട്ടൊരു കാഴ്ചയായി.
മടിയന്‍ പാലത്തിങ്കാല്‍ വി. നാരായണന്‍ കഴിഞ്ഞ 33 വര്‍ഷമായി വോളിബോള്‍ രംഗത്ത് സജീവമാണ്. ജീവിതം തന്നെ വോളിബോളിനായി സമര്‍പ്പിച്ച അദ്ദേഹം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമാണ്. കായികരംഗത്തെ നിരവധി ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചാണ് അദ്ദേഹം ഈ കൂട്ടായ്മയിലും സജീവമായത്.

കാറ്റാടി ദിനേശ് ബീഡി തൊഴിലാളിയായിരുന്ന ടി. നാരായണന്‍ മടിയന്‍ 35 വര്‍ഷത്തോളം ബീഡി മേഖലയില്‍ ജോലി ചെയ്തു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുമ്പോഴും പഴയകാല തൊഴിലനുഭവങ്ങളും നാട്ടിലെ സൗഹൃദബന്ധങ്ങളും ഇന്നും സജീവമാണ്.
വാണിയമ്പാറ പി. നാരായണന്‍ കര്‍ഷകനാണ്. കൃഷിയോടുള്ള ആത്മാര്‍ഥമായ ഇടപെടലിന് അംഗീകാരമായി അജാനൂര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനെന്ന നിലയില്‍ നിരവധി ആദരവുകള്‍ നേടിയിട്ടുണ്ട്.
മടിയന്‍ എം. നാരായണന്‍ മലബാര്‍ ദേവസ്വത്തിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ 18 വര്‍ഷത്തോളം ക്ലാര്‍ക്കായും പ്രവര്‍ത്തിച്ചു. നാടക-സാമൂഹിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
മടിയന്‍ കെ.വി. നാരായണന്‍ ആദ്യകാല ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. പിന്നീട് ജീവിതത്തിന്റെ വഴിമാറി കഴിഞ്ഞ 35 വര്‍ഷമായി ഓട്ടോ തൊഴിലാളിയായി തുടരുന്നു. മടിയന്‍ ഓട്ടോ സ്റ്റാന്‍ഡിലെ പരിചിതമുഖം കൂടിയാണ് അദ്ദേഹം.

പൂച്ചക്കാടന്‍ നാരായണന്‍ മടിയനിലെ ആദ്യകാല ബീഡി തൊഴിലാളികളില്‍ ഒരാളാണ്. കഴിഞ്ഞ 30 വര്‍ഷമായി ഓട്ടോറിക്ഷ തൊഴിലാളിയായി ജോലി ചെയ്യുന്നു. നാട്ടിലെ പല തലമുറകളുടെയും ജീവിതസാക്ഷിയായി മാറിയ തൊഴിലനുഭവങ്ങളും അദ്ദേഹത്തിനുണ്ട്.

വോളിബോള്‍ കോര്‍ട്ടില്‍ നിന്ന് കൃഷിയിടത്തിലേക്കും, ക്ഷേത്രസേവനത്തില്‍ നിന്ന് നാടകവേദിയിലേക്കും, ബീഡി തൊഴിലിടങ്ങളില്‍ നിന്ന് ഓട്ടോ സ്റ്റാന്‍ഡിലേക്കുംജീവിതത്തിന്റെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച ആറു നാരായണന്മാര്‍.
പേരൊന്നായെങ്കിലും ജീവിതവഴികള്‍ വ്യത്യസ്തം. എന്നാല്‍ മടിയന്റെ മണ്ണും സൗഹൃദവും ഓര്‍മ്മകളും ഇവരെ ഒരുമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ”ഏ… നാരായണാ” എന്നൊരു വിളി മടിയന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ മുഴങ്ങിയപ്പോള്‍, തിരിഞ്ഞുനോക്കിയത് ഒരു നാരായണനല്ല… ആറു നാരായണന്മാരായിരുന്നു.

 

error: Content is protected !!