കാസര്‍കോട്: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അനധികൃതമായി കൈക്കലാക്കി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) എന്നയാളെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ കൈക്കലാക്കി, സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല , നഗ്‌ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച് ഇരകളുടെ സ്വകാര്യതയ്ക്കും സല്‍പ്പേരിനും ഹാനി വരുത്തി എന്നാണ് കേസ്. ഈ മാസം 25 ന് പുഴക്കാട്ടിരിയില്‍ വെച്ച് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. രാജീവന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ടി.ടി.നൗഷാദ്, എസ്.സി.പി.ഒ മാരായ പി.വി.സുധീഷ് , സവാദ് അഷ്‌റഫ്, സി.പി.ഒ വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കാസര്‍കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ സൈബര്‍ ഇന്‍സ്‌പെക്ടര്‍ കെ. രാജീവന്‍ ചോദ്യം ചെയ്ത ശേഷം നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ ഒമ്പത് വരെ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് രേഖകള്‍, ടെലഗ്രാം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച് പരിശോധിച്ചു വരികയാണ്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
