വിജിലന്‍സ് പരിശോധനാ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് :

കാഞ്ഞങ്ങാട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് വിരുദ്ധവുമാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് പ്രസ്താവനയില്‍ അറിയിച്ചു.
എം.ബി.ബി.എസ് പ്രവേശനത്തിനുള്ള കായിക സംവരണത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നിരിക്കെ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി സീറ്റ് നേടിയെന്ന ആക്ഷേപം ദുരുദ്ദേശപരവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു കായിക മത്സരത്തിലെയും ജേതാക്കള്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അതത് കായിക സംഘടനകളാണ്. അതിനാല്‍ പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണം കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രാഥമിക അറിവുപോലുമില്ലാതെ പടച്ചുണ്ടാക്കുന്നതാണെന്ന് പ്രസിഡന്റ് പറഞ്ഞു.

കൗണ്‍സില്‍ ജീവനക്കാരുടെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളെ അഴിമതിയായി ചിത്രീകരിക്കുന്നത് സത്യസന്ധമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറ് മാസമായി ജില്ലാ അക്കാദമികളിലെ കായികതാരങ്ങളുടെ ഭക്ഷണത്തിനും മറ്റുമുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. മാസങ്ങളായി പരിശീലകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. പരിശീലനത്തിനാവശ്യമായ കായിക ഉപകരണങ്ങള്‍ നല്‍കുന്നതും വിവിധ കായിക സംഘടനകള്‍ക്കുള്ള ഗ്രാന്റ് ഇന്‍ എയ്ഡും മുടങ്ങിക്കിടക്കുകയാണ്. ഈ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ളത്. ഓഫീസിലെ ദൈനംദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായവും മുടങ്ങിയിട്ട് മാസങ്ങളായി.
ഈ വസ്തുതകള്‍ നിലനില്‍ക്കെ കൗണ്‍സിലില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമമാണെന്ന് പ്രസിഡന്റ് ആരോപിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെ ദുര്‍ബലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും പി. രഘുനാഥ് പ്രസ്താവനയില്‍ അറിയിച്ചു.

 

error: Content is protected !!