നീലേശ്വരം: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ ബഹളവും വാക്കേറ്റവും. ബദല്‍ പാനല്‍ തള്ളിയതോടെയാണ് സംഘര്‍ഷമുണ്ടായത്.ജനറല്‍ബോഡിക്ക് ശേഷം നിലവിലെ പി.ടി.എ ഭാരവാഹികള്‍ ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു. എന്നാല്‍ പാനലില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കീഴ്വഴക്കമില്ലെന്നും പകരം ബദല്‍ പാനല്‍ അവതരിപ്പിക്കാമെന്നും ഹെഡ്മിസ്ട്രസും ഔദ്യോഗിക പക്ഷവും അറിയിച്ചു. ഇതനുസരിച്ച് ഒരു വിഭാഗം ബദല്‍ പാനല്‍ അവതരിപ്പിച്ചെങ്കിലും ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ തള്ളി. ഇതോടെ ബദല്‍ പാനല്‍ അവതരിപ്പിച്ചവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഔദ്യോഗിക പാനല്‍ അംഗീകരിച്ച് ജനറല്‍ബോഡി യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഹെഡ്മിസ്ട്രസിന്റെ ഓഫീസിന് മുന്നില്‍ ബഹളം വെച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു ഇവരുടെ ആരോപണം. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
എന്നാല്‍ ചട്ടപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അത് അട്ടിമറിക്കാന്‍ ഒരു വിഭാഗം ശ്രമിച്ചതാണെന്നും പി.ടി.എ കമ്മിറ്റി പറഞ്ഞു. നീലേശ്വരം നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് പൈനിയെ പുതിയ പി.ടി.എ പ്രസിഡന്റായി തെരഞ്ഞെടുത്തു. അതേസമയം, പാനലിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടും ബദല്‍ പാനല്‍ അംഗീകരിക്കാന്‍ പ്രിന്‍സിപ്പലും ഹെഡ്മിസ്ട്രസും തയ്യാറായില്ലെന്നും ജനാധിപത്യവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
