ദേശീയ ആയുര്‍വേദ ദിനാഘോഷം 23ന് കാഞ്ഞങ്ങാട്ട്;  കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ആയുര്‍വേദ ദിനാഘോഷം സെപ്റ്റംബര്‍ 23ന് രാവിലെ 10ന് കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. ഇന്ദു ദിലീപ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയാകും. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിര്‍വഹിക്കും.
ദിനാചരണത്തിന്റെ ഭാഗമായി ‘ആരോഗ്യകരമായ നാളെക്കായി ആയുര്‍വേദം’ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ വിവിധ പരിപാടികള്‍ ജില്ലയില്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി സ്‌കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന് തുടക്കമായി. തൃക്കരിപ്പൂര്‍ എം.എല്‍.എ എം. സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലേക്ക് ആയുര്‍വേദത്തിന്റെ നന്മകള്‍ എത്തിക്കുന്നതിനും അനാരോഗ്യ പ്രവണതകള്‍ തടയുന്നതിനുമാണ് ക്യാമ്പയിന്‍.
അങ്കണവാടികളിലും സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കാന്‍ ലഘു വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നു. യുവാക്കള്‍ക്കായി ‘ഹെല്‍ത്തി ആന്‍ഡ് ഹാപ്പി ലൈഫ് ഈസ് ഔര്‍ അഡിക്ഷന്‍’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വനിതകള്‍ക്കായി ലൈംഗികാരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും, വയോജനങ്ങള്‍ക്കായി നേത്ര പരിശോധനാ ക്യാമ്പുകള്‍, ചെയര്‍ യോഗ, ആയുര്‍വേദ അനുഭവം പങ്കുവെക്കല്‍ മത്സരം എന്നിവയും സംഘടിപ്പിക്കുന്നു. ആയുഷ് ജീവനക്കാര്‍ക്കായി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിക്കും. കൂടാതെ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആയുഷ് തൂഫാന്‍ റീല്‍സ് മത്സരം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ. വിശ്വനാഥന്‍, ഡോ. കെ.വി. പ്രമോദ്, ഡോ. കെ. ദിലീപ്, ഡോ. കെ.എസ്. സ്വപ്ന എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!