കാഞ്ഞങ്ങാട്: സൈനികരുടെ ശമ്പള പരിഷ്‌കരണത്തിനായി സിവില്‍ സംവിധാനത്തില്‍ നിന്ന് വേര്‍തിരിച്ച് സ്വതന്ത്രമായ ഡിഫന്‍സ് പേ കമ്മീഷന്‍ രൂപീകരിക്കണമെന്ന് അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത്, സൈന്യ മാതൃ ശക്തി ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം സായുധ സേനാംഗങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. ദുഷ്‌കരമായ സാഹചര്യങ്ങളിലും അപകടസാധ്യതകള്‍ക്കിടയിലും രാജ്യസുരക്ഷയ്ക്കായി സേവനം ചെയ്യുന്ന സേനാംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ അവരുടെ സേവനത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് പരിഗണിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തോയമ്മല്‍ കെ.ജി.എം.ഒ.എ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനവും കുടുംബ സംഗമവും മുന്‍ സംസ്ഥാന പ്രസിഡന്റും സ്റ്റേറ്റ് കമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ റിട്ട. കേണല്‍ രാമദാസന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ രക്ഷാധികാരി പത്മനാഭന്‍ ആചാരി പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് രാജീവന്‍ പാലോട്ടില്‍ അധ്യക്ഷത വഹിച്ചു.റിട്ട. കേണല്‍ പി. ദാമോദരന്‍ മുഖ്യപ്രഭാഷണവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര ഗോപാല്‍ സംഘടനാ വിശദീകരണവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. രാജന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തമ്പാന്‍ മേലത്ത് വരവ്-ചെലവ് കണക്കും സൈന്യ മാതൃ ശക്തി ജില്ലാ പ്രസിഡന്റ് എച്ച്.ആര്‍. സുകന്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി പി.ആര്‍. രാജന്‍ സമാരോപ പ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. രാജന്‍ സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡന്റ് കെ.കെ. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കലാ-കായിക പരിപാടികളും നടന്നു.
പുതിയ ഭാരവാഹികമായി രാജീവന്‍ പാലോട്ടില്‍ (പ്രസിഡന്റ്), കെ.പി. രാജന്‍ (ജനറല്‍ സെക്രട്ടറി), തമ്പാന്‍ മേലത്ത് (ട്രഷറര്‍).
