ബദിയടുക്ക: കന്യപ്പാടി ആശ്രമഭാഗം വളവില്‍ അമിതവേഗത്തിലെത്തിയ രണ്ട് സ്വിഫ്റ്റ് കാറുകള്‍ ലോറിയില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ജബ്ബാര്‍, കാറുകളിലുണ്ടായിരുന്ന അഫ്സല്, അജ്നാല് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന കെ എ 21 സി 0338 നമ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ഭാഗത്തേക്കാണ് കെ എല്‍ 14 എ ഇ 0915വെള്ള സ്വിഫ്റ്റും കെ എല്‍ 14 എ ജെ 0035 കറുത്ത സ്വിഫ്റ്റും ഇടിച്ചുകയറിയത്. ഇടിയില്‍ കാറുകള്‍ പൂര്‍ണമായും തകര്‍ന്നു, ലോറിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
ലോറിയുടെ ഡീസല്‍ ടാങ്കും ഓയില്‍ ടാങ്കും പൊട്ടി റോഡില്‍ ഇന്ധനം പരന്നതോടെ റോഡ് വഴുക്കലായി. അപകടത്തില്‍ കോര്‍ത്തുകിടന്ന വാഹനങ്ങള്‍ അഗ്നിരക്ഷാസേന വിഞ്ച് ഉപയോഗിച്ച് വശങ്ങളിലേക്ക് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കുകയും റോഡിലെ എണ്ണ നീക്കി വൃത്തിയാക്കുകയും ചെയ്തു.
കാസര്‍കോട് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ കെ. വിജിതിന് കൃഷ്ണന്, അതുല്‍ രവി, സി.കെ. അഭിനന്ദ്, എന്‍.പി. രാകേഷ്, ഒ.കെ. പ്രജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
