കാഞ്ഞങ്ങാട്: അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ടി .രേഖ അധ്യക്ഷയായി.
കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉദയ സൂര്യന്‍ വി ബി മുഖ്യാതിഥിയായി.
ഹോസ്ദുര്‍ഗ് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി ജില്‍ജിത്, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, സര്‍പ്പ വളണ്ടിയര്‍ ആന്റ് എഡ്യൂക്കേറ്റര്‍ കെ. സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യ ദയാനന്ദ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് ചടങ്ങിന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍, വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് നന്ദന്‍ വിജയകുമാര്‍ എന്നിവര്‍ ക്ലാസ് എടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 19 ന് അന്താരാഷ്ട്ര പാമ്പ് കടി അവബോധ ദിനമായി ആചരിച്ചു വരുന്നത്. പാമ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക,
പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട ശരിയായ പ്രഥമശുശ്രൂഷ,
പാമ്പുകടി ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച അറിവുകള്‍ നല്‍കുക,
സമയബന്ധിതവും ഉചിതവുമായ ആശുപത്രി ചികിത്സ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിച്ചു വരുന്നത്.
പാമ്പ് കടിയേറ്റാല്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതും ആയ കാര്യങ്ങള്‍
ചെയ്യാവുന്നത്
1. ശാന്തത പാലിക്കുക/ കടിയേറ്റ വ്യക്തിയെ ധൈര്യപ്പെടുത്തുക.
2. പാമ്പിന്റെ സമീപത്തു നിന്നും പതുക്കെ മാറുക.
3. മുറിവുള്ള ഭാഗം (കടിയേറ്റ ഭാഗം) ഒന്നും ചെയ്യാതെ വയ്ക്കുക.
4. ചെരിപ്പുകള്‍, ബെല്‍റ്റ്, മോതിരങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മുറിവേറ്റ ഭാഗത്തു നിന്നും മാറ്റുക.
5. ഇടതുവശം ചെരിഞ്ഞു വലതുകാല്‍ വളച്ചു കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തുക.
6. വൈദ്യസഹായത്തിനായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും പെട്ടെന്ന് എത്തിക്കുക.
ചെയ്യരുതാത്തത്
1. അമിതമായി ആയാസപ്പെടാനോ പരിഭ്രാന്തരാകാനോ അനുവദിക്കരുത്.
2. പാമ്പിനെ ഉപദ്രവിക്കരുത്. ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങളെ കടിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കാം.
3. മുറിവേറ്റ ഭാഗത്തു കൂടുതല്‍ മുറിവ് വരുത്തുകയോ മുറിവില്‍ എന്തെങ്കിലും പൊടികള്‍ / മരുന്നുകള്‍ നേരിട്ട് പുരട്ടുകയോ ചെയ്യരുത്.
4. രക്തചംക്രമണം നില്‍ക്കുന്ന വിധത്തില്‍ മുറിവേറ്റ ഭാഗം കെട്ടരുത്.
5. രോഗിയെ കമിഴ്ത്തി കിടത്തരുത്. ഇത് ശ്വസന പ്രക്രിയ തടസ്സപ്പെടുത്തിയേക്കാം.
6. പരമ്പരാഗത ചികിത്സാ രീതിയോ, സുരക്ഷിതമല്ലാത്ത ചികിത്സകളോ ഉപയോഗിക്കരുത്.
പാമ്പ് കടിയേറ്റാല്‍ നല്‍കുന്ന ആന്റി സ്നേയ്ക് വെനം ( എ എസ് വി) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ലഭ്യമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ ടി രേഖ അറിയിച്ചു.
