കരിന്തളം: മലയോര മേഖലയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന് എംബിബിഎസ് ബിരുദം നേടി ഡോക്ടറായിരിക്കുകയാണ് കാലിച്ചാമരത്തെ ആര്യ എസ് രാജ്. കഠിനാധ്വാനവും നിരന്തര പരിശ്രമവും കൊണ്ട് സ്വപ്നസാക്ഷാത്കാരം നേടിയ ആര്യയുടെ നേട്ടം കുടുംബത്തിനും നാടിനും ഒരുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. കാലിച്ചാമരത്തെ പി. എം. രാജന്‍കെ. പി. ശ്രീജ ദമ്പതികളുടെ മകളായ ആര്യ എസ് രാജ് കോഴിക്കോട് മുക്കത്തെ കെ.എം.സി.ടി മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കിയ ആര്യ അതേ മെഡിക്കല്‍ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി വിഭാഗത്തില്‍ സേവനമാരംഭിക്കാനൊരുങ്ങുകയാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ വളര്‍ന്ന ആര്യയുടെ വിദ്യാഭ്യാസ യാത്ര പൊതുവിദ്യാലയങ്ങളിലൂടെയായിരുന്നു. കമ്പല്ലൂര്‍ ബെഡൂര്‍ സ്കൂളിലും കടുമേനി എസ്.എന്‍.ഡി.പി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് നീലേശ്വരം ചിന്മയ വിദ്യാലയത്തില്‍ ഹൈസ്കൂള്‍ പഠനവും ചായ്യോത്ത് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി ജീവിതം മുഴുവന്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആര്യ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരിയായിരുന്നു. പഠനരംഗത്തെ മികവിനൊപ്പം കലാരംഗത്തും ആര്യ ശ്രദ്ധേയയായിരുന്നു. നൃത്തത്തിലും ചിത്രരചനയിലും പ്രത്യേക താല്പര്യം പുലര്‍ത്തിയിരുന്ന അവര്‍ വിവിധ കലാപരിപാടികളിലും മത്സരങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമുള്ള മികവ് തന്നെയാണ് ആര്യയെ സഹപാഠികള്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമാക്കിയത്. സാമ്പത്തികമായും സാമൂഹികമായും വലിയ ആഡംബരങ്ങളില്ലാത്ത കുടുംബത്തില്‍ നിന്നാണ് ആര്യയുടെ ഈ നേട്ടം. അച്ഛന് പി. എം. രാജന് കഴിഞ്ഞ വര്‍ഷം ക്ഷീരോല്പാദക സംഘം സെക്രട്ടറിയായി വിരമിച്ച ശേഷം നിലവില്‍ കാലിച്ചാമരത്ത് മില്‍മ പാര്‍ലര്‍ നടത്തിവരികയാണ്. അമ്മ കെ. പി. ശ്രീജയുടെ പിന്തുണയും കുടുംബത്തിന്റെ പ്രോത്സാഹനവും ആര്യയുടെ വിജയയാത്രയില്‍ നിര്‍ണായക പങ്കുവഹിച്ചു. സഹോദരന് കിരണ്‍ എസ് രാജ് ഡിഗ്രി വിദ്യാര്‍ഥിയാണ്.
മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന നേട്ടമാണ് ആര്യ എസ് രാജ് സ്വന്തമാക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കി ഡോക്ടറായ ആര്യയുടെ വിജയം യുവതലമുറയ്ക്ക് പുതിയ പ്രതീക്ഷയും പ്രചോദനവുമാണ് നല്‍കുന്നത്. നാട്ടുകാരും അധ്യാപകരും സഹപാഠികളും ബന്ധുക്കളുമടക്കം നിരവധി പേര് ആര്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
