പാലക്കുന്ന്: ചിങ്ങസംക്രമം മുതല്‍ കന്നി സംക്രമം വരെ നീളുന്ന വടക്കരുടെ ഓണ വിശേഷങ്ങള്‍ക്ക് ഇന്ന് സമാപനം കുറിക്കും. ചില ക്ഷേത്രങ്ങളിലും, വയനാട്ടുകുലവന്‍ തറവാടുകളിലും വീടുകളിലും ഒരു മാസം നീണ്ട കുറി വരയ്ക്കലിനും ചിങ്ങവെള്ളം നിറയ്ക്കലിനും ശേഷം പടിഅപ്പം വിളമ്പുന്നതോടെ
ഇന്ന് സന്ധ്യയോടെ സമാപനമാകും. പുലര്‍ച്ചെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി ആദ്യം കോരി എടുക്കുന്ന വെള്ളം വാല്‍കിണ്ടിയിലും മുരടയിലും നിറച്ച് മീതെ ചിയോതിപൂവും മറ്റു ലഭ്യമായ വര്‍ണപ്പൂക്കളും നിരത്തി അലങ്കരിച്ച് പടിഞ്ഞാറ്റയില്‍ കത്തിച്ചുവെച്ച ദീപ പ്രഭയില്‍ വെക്കുന്നതാണ് വടക്കരുടെ ഒരു മാസം നീളുന്ന സവിശേഷമായ ‘ചിങ്ങവെള്ളം’. ചിങ്ങവെള്ളം വാമന മൂര്‍ത്തിയുടെ പാദശുദ്ധിയ്ക്കും കുറിവരച്ച് പൂവിടുന്നത് അദ്ദേഹത്തെ സ്വീകരിക്കാനുമാണെന്നാണ് സങ്കല്പം. പടിഅപ്പം നിവേദ്യവുമാണത്രെ. കന്നി സംക്രമനാളില്‍ രാവിലെ ഇത് തുടരുമെങ്കിലും വൈകുന്നേരം തൂത്തു വാരി വൃത്തിയാക്കി വീണ്ടും ചടങ്ങ് ആവര്‍ത്തിക്കും. ആ ഇടങ്ങളിലെല്ലാം ഉപ്പും മധുരവും ഇല്ലാതെ ചുട്ടെടുത്ത ‘പടിഅപ്പം’ പ്ലാവിലയില്‍ നിവേദിച്ച് തിരികൊളുത്തി പ്രാര്‍ഥിക്കും. തീ അണയുന്നതോടെ പടിഅപ്പം വീട്ടിലുള്ളവര്‍ക്കെല്ലാം നല്‍കും. വീടുകളില്‍ മഞ്ഞള്‍ ഇലയില്‍ ഉണ്ടാക്കിയ അടയും ഇതോടൊപ്പമുണ്ടാകും. ഇതാണ് ചിങ്ങത്തെ യാത്രയാക്കുന്ന ലളിതമായ രീതി. കോലത്തുനാട്ടില്‍
പലേടത്തും പല രീതിയിലാണ് ഒരു മാസം നീളുന്ന ഈ വിശേഷ ചടങ്ങ് നടത്തുന്നത്.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് പടിഞ്ഞാറ്റ തിരുമുറ്റത്ത് വരച്ച കുറിയാണ് വാര്‍ത്തയോടൊപ്പം. വീടുകളില്‍ ചിങ്ങമാസദിവസങ്ങളിലെ ചിങ്ങവെള്ളം വെച്ച പടിഞ്ഞാറ്റയാണ് മറ്റൊരു പടം. ഓരോ ദിവസവും മാറ്റി വരയ്ക്കുന്ന കുറി കാണാനും ദേവിയെ തൊഴാനും ദീപത്തിന് എണ്ണ നല്‍കാനും ഭക്തര്‍ ചിങ്ങമാസത്തില്‍ ഇവിടെ എത്തുന്നത് പതിവാണ്.
