കാഞ്ഞങ്ങാട്: ദേശീയപാതയില്‍ മദ്യലഹരിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ അമിതവേഗത്തില്‍ ബൈക്കോടിച്ച പഞ്ചായത്ത് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെ.എ. അനീഷ് കുമാര്‍ (39), ഓവര്‍സിയറും കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശിയുമായ എ. രവീന്ദ്രന് (49) എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് ഹെല്‍മെറ്റ് ധരിക്കാതെ, രണ്ടാം പ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തും വിധം അശ്രദ്ധമായി വാഹനം ഓടിച്ചെന്നാണ് കേസ്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയെന്നും പരാതിയുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ തലപ്പാടിയില്‍ ഹൈവേ പട്രോളിങ് നടത്തുന്നതിനിടെയാണ് മഞ്ചേശ്വരം ഗ്രേഡ് എസ്.ഐ. വി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രദ്ധയില്‍ ബൈക്ക് പെട്ടത്. പോലീസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് റോഡില്‍ വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുവരെയും പിടികൂടുകയായിരുന്നു.മദ്യപിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
