മൗവ്വല്‍ റോഡില്‍ വീണ്ടും അപകടം; ലോറി മറിഞ്ഞ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു, ഗതാഗതം തടസപ്പെട്ടു

ബേക്കല്‍: താഴെ മൗവ്വലില്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കോഴി ലോറി മറിഞ്ഞ് വൈദ്യുതി തൂണിലിടിച്ച് രണ്ട് തൂണുകള്‍ റോഡിലേക്ക് വീണു. ഇതോടെ ഈ മേഖലയില്‍ വൈദ്യുതിയും ഗതാഗതവും പൂര്‍ണമായും തടസപ്പെട്ടു. വലിയ വാഹനങ്ങളും ദീര്‍ഘദൂര ബസുകളും ഓട്ടം നിര്‍ത്തി. ചെറിയ വാഹനങ്ങള്‍ ബിലാല്‍ നഗര്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം.
നീലേശ്വരത്ത് നിന്ന് കോഴി ഇറക്കി മേല്‍പ്പറമ്പിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പള്ളിക്കര പാലത്തിന്റെ പണി നടക്കുന്നതിനാല്‍ ഇടുങ്ങിയ റോഡില്‍ വൈദ്യുതി തൂണും വയറും തടസമായി കിടക്കുകയാണ്. ഇത് ശരിയാക്കാതെയാണ് വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സ്‌കൂള്‍ കുട്ടികളും മദ്രസ വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തി വിടുന്നതിനെതിരെ നാട്ടുകാര്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്നു. പാലത്തിന്റെ പണി തുടങ്ങിയ അന്ന് തന്നെ മൗവ്വല്‍ ഗ്രാമം ഉണര്‍ന്നത് ലോറി കത്തിയെന്ന വാര്‍ത്ത കേട്ടാണ്. ഇതോടെ നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലാണ്.

 

error: Content is protected !!