പിലാത്തറ: കണ്ണൂര്‍ പിലാത്തറ-മണ്ടൂര്‍ കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ വലിയ ജുമാഅത്ത് പള്ളിക്ക് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന മരം കയറ്റിയ ലോറിയില്‍ സിമന്റ് ബള്‍ക്കര്‍ ലോറിയിടിച്ച് വന്‍ തീപിടിത്തം. ലോറിയുടെ തകരാര്‍ പരിഹരിക്കാനെത്തിയ ഭാരത് ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ രണ്ടുപേര്‍ മരിച്ചു.
കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഇടയില്‍ കുടുങ്ങിയ ഷെബിന്‍ പൊള്ളലേറ്റാണ് മരണപ്പെട്ടത്.
പഴയങ്ങാടി ഭാഗത്തുനിന്നും കട്ടന്‍സ് കയറ്റിവന്ന കെ എല്‍ 60 1675 നമ്പര്‍ ലോറി ക്ലച്ച് തകരാറിലായതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി പെരിയ ഭാരത് ബെന്‍സിലെ ജീവനക്കാര്‍ എത്തി ലോറിയുടെ ക്യാബിന് അടിയില്‍ പണി ചെയ്യുന്നതിനിടയിലാണ് പുലര്‍ച്ചെ 3:25-ഓടെ ദുരന്തമുണ്ടായത്. പിലാത്തറ ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ ടി എന്‍ 48 എവി 5199 നമ്പര്‍ സിമന്റ് ബള്‍ക്കര്‍ ലോറി നിര്‍ത്തിയിട്ട ലോറിയിലേക്ക് അശ്രദ്ധമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികളുടെയും ക്യാബിനുകളില്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിച്ചു. ഭാരത് ബെന്‍സ് ജീവനക്കാര്‍ എത്തിയ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വലിയ ശബ്ദം കേട്ട് പള്ളിയുടെ മുന്‍വശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും വിവരമറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലേക്കും വിവരമറിയിച്ചിരുന്നെങ്കിലും ഫയര്‍ഫോഴ്‌സും ഇലക്ട്രിസിറ്റി അധികൃതരും എത്താന്‍ വൈകിയതായി അമീന്‍ പറഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം റോഡില്‍ തീ ആളിക്കത്തി. തുടര്‍ന്ന് വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. അതിവേഗം പടര്‍ന്ന തീ നിയന്ത്രണവിധേയമാക്കിയ ശേഷം ലോറിയില്‍ കുടുങ്ങിക്കിടന്ന ആളെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. എന്നാല്‍ ഇയാള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പരിയാരം പോലീസും ഫയര്‍ഫോഴ്‌സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ഒരുമിച്ച് നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹങ്ങള്‍ നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ മണ്ടൂര്‍ വലിയ ജുമാഅത്ത് പള്ളിയുടെ മതിലിനും കേടുപാടുകള്‍ പറ്റി. അപകടത്തില്‍ തകരാറിലായ ലോറിയുടമ ചീമേനി സ്വദേശി സുബൈറിന്റെ കാര്‍ ലോറിയുടെ തൊട്ടു പിറകില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു ആ കാറും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട് അത്ഭുതകരമായിയാണ് സുബൈറും ലോറി ഡ്രൈവറും രക്ഷപ്പെട്ടത് പമിക്‌സര്‍ ലോറി ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിനെ (26) ചെറിയ പരിക്കുകളോട് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി. സത്യന്‍, രാഹുല്‍ പി.പി., ലിജീഷ് യു.കെ., ജിഷ്ണു എസ്., സുര്‍ജിത്ത് യദുലാല്‍, ജിഷ്ണു ദേവ് എന്നിവരും ഹോംഗാര്‍ഡുമാരായ ദിനേശന്‍, ഗോവിന്ദന്‍ കെ.എം., ശ്രീജേഷ് എന്നിവരും പങ്കെടുത്തു.
