കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം ബാവാ നഗര്‍ ഉക്കാസ് – ഖദീസു ദമ്പതികളുടെ മക്കള്‍ ,പേരമക്കള്‍, മരുമക്കള്‍ തുടങ്ങി കുടുംബത്തിലെ ആയിരത്തോളം പേരടങ്ങുന്ന ബൃഹത്തായ കുടുംബ സംഗമം ആഗസ്ത് 15 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ പടന്നക്കാട് ബേക്കല്‍ ക്ലബില്‍ നടക്കുമെന്നും അതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9 ന് രജിസ്‌ട്രേഷന്‍, 10 ന് കുടുംബത്തിലെ മുതിര്‍ന്ന അംഗം എം മൊയ്തു മൗലവി ബാഖവി പുഞ്ചാവി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഹമീദ് ബങ്കളം അദ്ധ്യക്ഷത വഹിക്കും.
ഓര്‍മ്മച്ചെപ്പ്, ആദരം, അനുമോദനം, കലാവിരുന്ന്, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്നവര്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് മധുരം നല്‍കല്‍, മത്സരങ്ങള്‍ ,സമാപനം തുടങ്ങി വിവിധ സെഷനുകളിലായി പരിപാടികള്‍ നടക്കും.
ഉക്കാസ്-ഖദീസു എന്നിവരുടെ മക്കളായ ഖദീജ, ഫാത്വിമ, കുഞ്ഞാമിന, ആസിയ, ഉമ്മാലി, മൊയ്തു, മുഹമ്മദ് എന്നിവരുടെ മക്കള്‍, പേരമക്കള്‍ മരുമക്കള്‍ തുടങ്ങിയ അംഗങ്ങളാണ് സംഗമത്തില്‍ സംബന്ധിക്കുക. കുടുംബത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കുള്ള സമാശ്വാസം, ഉന്നത വിദ്യാഭ്യാസത്തിനുള്ള കൈതാങ്ങ്,രോഗികള്‍ക്കുള്ള ചികിത്സാ സഹായം, ജോബ് ഓറിയന്റേഷന്‍ പ്രോഗ്രാം, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയ പദ്ധതികള്‍ കുടുംബത്തിന്റെ കീഴില്‍ തുടര്‍ പരിപാടികളായി പിന്നീട് നടക്കും.
വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹമീദ് ബങ്കളം , ജനറല്‍ കണ്‍വിനര്‍ സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍ എം മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ പി കുഞ്ഞബ്ദുള്ള കല്ലൂരാവി, കണ്‍വീനര്‍ അബ്ദുല്‍ റസാഖ് സഅദി എന്നിവര്‍ സംബന്ധിച്ചു.
