അറ്റ്ലാന്റ : പരുക്കന്‍ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ
തുടരെ രണ്ടു ഗോള്‍ മടക്കി ലോക ചാംപ്യന്മാരായ അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ (1-2). ആന്തണി ഗോര്‍ഡനാണ്
ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്‍സോ ഫെര്‍ണാണ്ടസും (85 ാം മിനിറ്റ്) പിന്നാലെ ലൗതാരോ മാര്‍ട്ടിനസും (90+2)
ഇംഗ്ലിഷ് വല നിറച്ച് അര്‍ജന്റീനയ്ക്ക് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ
രണ്ടാം തവണയും ലോകകപ്പ് ഫൈനലില്‍ കടന്ന നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, 20 ന് പുലര്‍ച്ചെ 12.30 ന് മുന്‍ ലോകചാമ്പ്യന്മാര്‍ സ്‌പെയിനിനെ നേരിടും.
ആദ്യ മിനിറ്റുകളില്‍ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ട് അര്‍ജന്റീനിയന്‍ ബോക്‌സിലേക്ക് ആക്രമിച്ചു കയറി.
ഇരുടീമുകളിലെയും താരങ്ങള്‍ നിരന്തരം ഫൗള്‍ ചെയ്തത് കളിയുടെ ഒഴുക്കിനെ ബാധിച്ചു. താരങ്ങള്‍ തമ്മില്‍
തര്‍ക്കത്തിനും ഇതു വഴിവച്ചു. പതിയെ ഇംഗ്ലിഷ് പോസ്റ്റ് ലക്ഷ്യമാക്കി അര്‍ജന്റീന നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിനിടെ ലയണല്‍ മെസ്സിക്ക് ബോക്‌സില്‍ പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഹൈഡ്രേഷന്‍
ബ്രേക്കിനു പിരിഞ്ഞ 23 ാം മിനിറ്റു വരെ ഗോളിലേക്കു നയിക്കുന്ന നീക്കങ്ങളൊന്നും ഇരു
ഭാഗത്തുനിന്നുമുണ്ടായില്ല.
32 ാം മിനിറ്റിലാണ് പോസ്റ്റ് ലക്ഷ്യമാക്കി ആദ്യ പ്രധാന നീക്കമുണ്ടായത്. അര്‍ജന്റീനിയന്‍ ബോക്‌സിലേക്ക്
പന്തുമായി കയറാന്‍ ശ്രമിച്ച ജൂഡ് ബെല്ലിങ്ങാമിനെ എന്‍സോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്കില്‍
ഡെക്ലാന്‍ റൈസിന്റെ ഷോട്ടില്‍ ജോണ്‍ സ്റ്റോണ്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്. ഇതിനിടെ
വീണ്ടും ഫൗളിനെ തുടര്‍ന്ന് താരങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമായി. പിന്നാലെ ഇംഗ്ലിഷ് ബോക്‌സിനു പുറത്തുനിന്ന്
എന്‍സോ ഫെര്‍ണാണ്ടസ് എടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഒരു ഓണ്‍ടാര്‍ഗറ്റ് ഷോട്ടുപോലും
ഇരുടീമിനും അവകാശപ്പെടാനില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്.
ഗോള്‍ ലക്ഷ്യമിട്ട് ആക്രമണവുമായാണ് ഇരുടീമുകളും രണ്ടാം പകുതി ആരംഭിച്ചത്. എന്നാല്‍ ലോക ചാംപ്യന്മാരെ
ഞെട്ടിച്ച് 55 ാം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡ് നേടുകയായിരുന്നു. വലതുഭാഗത്ത് നിന്ന് ഡെക്ലാന്‍ റൈസിന്റെ പാസ് സ്വീകരിച്ച് മോര്‍ഗന്‍ റോജേഴ്‌സ് നല്‍കിയ ക്രോസ് ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ആന്തണി ഗോര്‍ഡന്‍ അര്‍ജന്റീന പ്രതിരോധനിരയെ വെട്ടിച്ച് വലയിലെത്തിക്കുകയായിരുന്നു (1-0).
പ്രത്യാക്രമണം കടുപ്പിച്ച അര്‍ജന്റീന, ഇംഗ്ലിഷ് ഗോള്‍മുഖത്തേക്ക് തുടരെ ഇരച്ചുകയറി. പിന്നാലെ പെനാല്‍റ്റി
ബോക്‌സിലേക്ക് മെസ്സി നല്‍കിയ ക്രോസില്‍ ഗോള്‍വല ലക്ഷ്യമാക്കി പകരക്കാരന്‍ നിക്കോ ഗോണ്‍സാലസ് ഹെഡ് ചെയ്തെങ്കിലും ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡ് സാഹസികമായി ഡൈവ് ചെയ്ത് ഗോള്‍ തടുത്തു. ഇംഗ്ലിഷ് ഗോള്‍മുഖത്ത് നിരന്തരം അപകടം വിതച്ച അര്‍ജന്റീനയുടെ നീക്കങ്ങള്‍ക്ക് ഒടുവില്‍ 85 ാം മിനിറ്റില്‍ ഫലം കണ്ടു. മെസ്സിയുടെ ഷോട്ടില്‍ ബോക്‌സിനു മുന്നില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ നെടുനീളന്‍ ഷോട്ട് ഇംഗ്ലിഷ് ഗോള്‍ കീപ്പറെയും മറികടന്ന് വലയില്‍ (1-1).
ഗോള്‍ വഴങ്ങിയ ഞെട്ടലില്‍ സ്തബ്ദരായി നിന്ന ഇംഗ്ലിഷ് പടയെ വിറപ്പിച്ച് ഇന്‍ജറി ടൈമിന്റെ രണ്ടാം മിനിറ്റില്‍
അര്‍ജന്റീന ലീഡ് പിടിച്ചു. മെസ്സി നല്‍കിയ ക്രോസില്‍ പകരക്കാരന്‍ ലൗതാരോ മാര്‍ട്ടിനസിന്റെ ഹെഡര്‍ യഥാര്‍ഥത്തില്‍ ഇംഗ്ലണ്ട് താരങ്ങളുടെയും ആരാധകരുടെയും നെഞ്ച് തുളച്ചാണ് ഗോള്‍വലയില്‍ വീണത് (1-2). ആവനാഴിയിലെ സകല ആയുധങ്ങളും നഷ്ടപ്പെട്ട് നിസഹായരായി നിന്ന ഇംഗ്ലിഷ് പടയ്ക്കു മുന്നില്‍ കലാശപ്പോരിലേക്കുള്ള വാതില്‍ കൊട്ടിയടച്ച് തൊട്ടുപിന്നാലെ ഫൈനല്‍ വിസിലുമെത്തി.
