ചിത്താരിപ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിവേദനം നല്‍കി

കാഞ്ഞങ്ങാട്:കാസറഗോഡ് കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ യില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിതീര്‍ന്ന ചിത്താരിപ്പാലം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പറും കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.റെഗുലേറ്റര്‍ സംവിധാനത്തോടെ ആറു പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഈ പാലവും കെ എസ് ടി പി പദ്ധതിയില്‍ നിര്‍മ്മിച്ച പുതിയ പാലവും പ്രയോജനപ്പെടുത്തിയാണ് നാലുവരിപ്പാതയില്‍ വാഹന ഗതാഗതം ക്രമപ്പെടുത്തിയിരുന്നതെന്നും പഴയ പാലത്തിന്റെ തകര്‍ച്ചയോടെ വീതി കുറഞ്ഞ പുതിയ പാലത്തിലൂടെ മാത്രം ഇരു ഭഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത് ഈ മേഖലയില്‍ പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്നും പാലത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും വലിയ വളവോട് കൂടിയാണ് റോഡുള്ളതെന്നതിനാല്‍ വ്യാപകമായി അപകടങ്ങള്‍ നടക്കുന്നുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ജലസേചന വകുപ്പിന്റെ കീഴില്‍ ഈ പാലത്തിന്റെ ഇരുനൂറ് മീറ്റര്‍ കിഴക്ക് പുതിയ റെഗുലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ തകര്‍ന്ന പാലത്തിന്റെ റെഗുലേറ്റര്‍ മാറ്റി പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മ്മിക്കുന്നതിന് തങ്ങള്‍ക്ക് തടസ്സമില്ലെന്ന് ജലസേചന വകുപ്പുദ്യോഗസ്ഥന്മാര്‍ അറിയിച്ച കാര്യവും നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നേരത്തെ നല്‍കിയ നിവേദനപ്രകാരം മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലത്തിന് ബഡ്ജറ്റില്‍ ടോക്കണ്‍ എമൗണ്ട് വെച്ച ഗവണ്മെന്റിനെ അഭിനന്ദിച്ചും ആവശ്യമായ ഫണ്ടനുവദിച്ച് നിര്‍മ്മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു നിവേദനവും ബഷീര്‍ നല്‍കി.മേല്‍പ്പാലത്തിന്റെ കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി മറുപടി നല്‍കി.

 

error: Content is protected !!