കുമ്പളയില്‍ വന്‍ കഞ്ചാവ് വേട്ട: രണ്ട് പേര്‍ പിടിയില്‍, 31 കിലോഗ്രാം കഞ്ചാവും ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു

കാസര്‍കോട്: മംഗലാപുരം ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 31.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശി അഹമ്മദ് കബീര്‍ എന്ന ലാലാകബീര്‍ (40), ഹോസ്ദുര്‍ഗ് ആവിക്കര കൊവ്വല്‍ സ്വദേശി മുഹമ്മദ് മിര്‍ഷാന്‍ (34) എന്നിവരാണ് പിടിയിലായത്. ഇവര്‍ അന്തര്‍ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാനികളാണ്. കുമ്പള പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ബൈജു ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സബ് ഇന്‍സ്‌പെക്ടര്‍ ഗണേശന്‍ കെ.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദേശീയപാത 66-ല്‍ ആരിക്കാടി ടോള്‍പ്ലാസയ്ക്ക് സമീപം വെച്ചാണ് പ്രതികളെ വലയിലാക്കിയത്. പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗതയില്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ച കെഎല്‍ 13 എ ടി 8757 നമ്പര്‍ വെളുത്ത ഹോണ്ട സിറ്റി കാര്‍ പോലീസ് വാഹനം കുറുകെ വെച്ച് തടയുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒറീസ്സയില്‍ നിന്നാണ് ഇവ കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണന്റെ സാന്നിധ്യത്തിലാണ് പ്രതികളുടെ ദേഹപരിശോധനയും തുടര്‍നടപടികളും പൂര്‍ത്തിയാക്കിയത്. കുമ്പള പോലീസ് പാര്‍ട്ടിക്കൊപ്പം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡായ അംഗങ്ങളായ സി.പി.ഒ മാരായ റിതേഷ്, ഭക്തശൈവല്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

 

error: Content is protected !!