കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റും കരിയര്‍ ഗൈഡന്‍സ് സെല്ലും ചേര്‍ന്ന് ആശുപത്രി യില്‍ ‘അക്ഷര തണല്‍’ എന്ന പേരില്‍ ഓപ്പണ്‍ ലൈബ്രറി സ്ഥാപിച്ചു.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും വായനയിലൂടെ ആശ്വാസം പകരുകയാണ് ലക്ഷ്യം. കഥ, കവിത, നോവല്‍, ആരോഗ്യം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി അന്‍പതോളം പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.
എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച പുസ്തകങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഭാവനകളുമാണ് ലൈബ്രറിയില്‍ ഉള്ളത്. കൂടാതെ പൊതു ജനങ്ങള്‍ക്കും അമ്മയും കുഞ്ഞും ആശുപത്രിയില്‍ വരുന്നവരുടെ കുട്ടികളുടെ ജന്മദിനത്തിലും ഈ ഓപ്പണ്‍ ലൈബ്രറിയിലേക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ നല്‍കുകയും അവരവരുടെ പേരുവിവരങ്ങള്‍ പുസ്തകത്തില്‍ എഴുതുകയും ചെയ്യാം. ആര്‍ക്കും പുസ്തകങ്ങള്‍ എടുത്ത് വായിക്കാം. വായിച്ച ശേഷം തിരികെ വെക്കുകയോ, സ്വന്തം കൈവശമുള്ള പുസ്തകങ്ങള്‍ ഇവിടെ നിക്ഷേപിക്കുകയോ ചെയ്യാം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എസ് അരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുറിയനാവി അധ്യക്ഷത വഹിച്ചു . നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ലൈബ്രറിയുടെ ഉദ്ഘാടനം ചെയ്തതോടൊപ്പം. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി നഴ്‌സിംഗ് സൂപ്രണ്ട് ലതയ്ക്ക് കൈമാറി. യുവ എഴുത്തുകാരനും അധ്യാപകനുമായ വിഷ്ണു കല്പടയ്ക്കലിന്റെ ഇവിടെ അല്പനേരം എന്ന പുസ്തകമായിരുന്നു കൈമാറിയത്.
പി.ടി.എ പ്രസിഡന്റും വാര്‍ഡ് കൗണ്‍സിലറുമായ എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ചന്ദ്രന്‍ മാഷ് , കെ ഗീത, ഹെഡ്മാസ്റ്റര്‍ എം ഗിരീശന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു,, കരിയര്‍ മാസ്റ്റര്‍ പി. സമീര്‍ സിദ്ദീഖി , നഴ്‌സിംഗ് സൂപ്രണ്ട് ലത എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പി, സീനിയര്‍ അസിസ്റ്റന്റ് സി ശാരദ, മദര്‍ പി റ്റി എ പ്രസിഡന്റ് എല്‍ സുലൈഖ, വി എച്ച് എസ് ഇ പയ്യന്നൂര്‍ മേഖല ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് വി പി സിന്ധു , സി എം പ്രജീഷ് , എസ് സനിത, സിന്ധു പി രാമന്‍, സ്‌കൂള്‍ കൗണ്‍സിലര്‍ എസ് കെ ജീഷ്മ , വിദ്യാര്‍ത്ഥികള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സി യുടെ ജന്മദിന സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് നഗരസഭയിലെ ഉന്നതികളിലും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലും ജീവോദയ സ്‌പെഷ്യല്‍ സ്‌കൂളിലും ഓപ്പണ്‍ ലൈബ്രറികള്‍ സ്ഥാപിച്ചിട്ടുണ്ട്.
‘പുസ്തകം വായിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. ആശുപത്രി പോലൊരിടത്ത് ഇത് വലിയ ആശ്വാസമാകും’ എന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അഭിപ്രായപ്പെട്ടു.
