ഇരിയ: പാറപ്പെരുതടിയിലെ വര്‍ണ്ണം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും മഴക്കാല രോഗ പ്രതിരോധ ബോധവല്‍ക്കരണ സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങള്‍ സമൂഹത്തിന് അഭിമാനകരമാണെന്നും അവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഇരിയ അധ്യക്ഷത വഹിച്ചു.
എണ്ണപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് മഴക്കാല രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. അഹല്യ നേത്രരോഗാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് പരിശോധനാ സേവനം പ്രയോജനപ്പെടുത്തി. ക്ലബ്ബ് സെക്രട്ടറി സുദിനന്‍ പാറപ്പെരുതടി സ്വാഗതം പറഞ്ഞു.വനിതാ കമ്മിറ്റി പ്രസിഡന്റ് യു. ശ്യാമള, ക്ലബ്ബ് ഖജാന്‍ജി കെ.കെ. നാരായണന്‍ , വനിതാ കമ്മിറ്റി സെക്രട്ടറി കെ.വി. രജനി എന്നിവര്‍ സംസാരിച്ചു.
