നീലേശ്വരം: തെയ്യാട്ടക്കാലത്തിന് പരിസമാപ്തി കുറിക്കുന്ന നീലേശ്വരം മന്നന്‍പുറത്ത് കാവ് കലശ മഹോത്സവത്തിന്റെ ഭാഗമായുള്ള ഓലകൊത്തല്‍ ചടങ്ങ് ഇന്ന് രാവിലെ വടക്കേ കളരിയിലെ കീങ്കര തറവാട്ടില്‍ നടന്നു. കലശത്തിന് നാള്‍ കുറിച്ച കലശം കല്‍പ്പിച്ച് നല്‍കിയ മുഹൂര്‍ത്തത്തില്‍ കാവുങ്കാല്‍ തറവാട്ടിലെ ബിജുവാണ് ഓലകൊത്തിയത്. ഓലയുടെ ലക്ഷണം നോക്കി ജന്മ കണിശന്‍ അണ്ടോള്‍ മോഹനന്‍ ജോത്സ്യര്‍ ശുഭാശുഭം പ്രവചിച്ചു. വടക്കെ കളരി അവകാശി ബിജു നിടുങ്കണ്ട കൊത്തിയ ഓല ആചാര സ്ഥാനീകരുടെയും വാല്യക്കാരുടെയും അകമ്പടിയോടെ ആര്‍പ്പുവിളികളോടെ കളരിയിലെത്തിച്ചു. എറുവാട്ട്, അരമന തറവാട് പ്രതിനിധികള്‍, പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം ആചാര സ്ഥാനീകര്‍, എടയങ്ങാട്ട് ഭഗവതി ക്ഷേത്രം സ്ഥാനീകര്‍, വടക്ക് തെക്ക് കളരി അവകാശികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഞായറാഴ്ച്ച നടക്കുന്ന കലശ മഹോത്സവത്തിന് ആവശ്യമായ കവുങ്ങിന്‍ പൂക്കുല ശേഖരിക്കുന്ന ചടങ്ങായ പൂ താക്കലിനായി വാല്യക്കാര്‍ പുറപ്പെട്ടു. വടക്കെ കളരിയില്‍ നിന്നുളള പൂക്കാര്‍ സംഘം കളത്തുങ്കാല്‍ തറവാട്ടിലെത്തി പൂര്‍വ്വാചാര പ്രകാരം പഴുത്ത ചക്ക കഴിച്ച് ആദ്യത്തെ പൂ പൊളിച്ച് വിവിധ സംഘങ്ങളായി പട്ടേന, കക്കാട്ട്, ചെരണത്തല, പുതുക്കൈ എന്നിവിടങ്ങളിലേക്കും തെക്കെ കളരിയില്‍ നിന്നും ചാത്തമത്ത്, പള്ളിക്കര ഭാഗങ്ങളിലേക്കും പോയി ആവശ്യമായ പൂക്കുലകള്‍ ശേഖരിച്ച് സന്ധ്യയോടെ മടങ്ങിയെത്തും.
നാളെ അകത്തെ കലശം നടക്കും. മന്നന്‍പുറത്ത് കാവില്‍ വിശേഷാല്‍ പൂജകളും കളരികളില്‍ കലശം അലങ്കരിക്കുകയും ചെയ്യും.
