പെരിയ: ആസ്സാമില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബി ജെ പി.അധികാരത്തിലെത്തുമ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ഹിമന്ത ബിശ്വശര്‍മ്മക്ക് കാസര്‍കോടുമായി ഒരു അഭേദ്യ ബന്ധമുണ്ട്. കഴിഞ്ഞ 16 വര്‍ഷമായി അദ്ദേഹത്തിന്റെ ആത്മീയ ഗുരു ബേക്കല്‍ ഗോകുലം ഗോശാലയുടെ അധിപനും പ്രമുഖ ജ്യോതിഷ പണ്ഡിതനുമായ വിഷ്ണു പ്രസാദ് ഹെബ്ബാറാണ്. 2010 ല്‍ തന്റെ ഏറ്റവും സങ്കീര്‍ണ്ണമായ കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ഹിമന്ത വിഷ്ണു ഹെബ്ബാറിനെ കാണാന്‍ വന്നത്. അന്ന് മുതല്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ കുടുംബവും ഹെബ്ബാര്‍ കുടുംബവും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. അസ്സാമിലെ ഒട്ടനവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും പുനപ്രതിഷ്ഠകളും അതിരുദ്രങ്ങളും വിഷ്ണു ഹെബ്ബാറിന്റെ കാര്‍മ്മികത്വത്തിലാണ് നടന്നു വരുന്നത്. കേരളത്തിലെ നിരവധി നൃത്ത സംഗീത വാദ്യകലാകാരന്മാരെ അസ്സാമുമായി ബന്ധിപ്പിക്കുന്നതും ഹെബ്ബാറിന്റെ പ്രയത്നത്തിലാണ്. വൈശാഖ നടനം ദേശീയ നൃത്യോത്സവം ഗോശാലയില്‍ നടക്കുന്നതിനാല്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും 15ാം തീയ്യതി പുലര്‍ച്ചെ തന്നെ വിഷ്ണു ഹെബ്ബാര്‍ ഗുവാഹതിയിലേക്ക് പുറപ്പെടും.
