ചായ്യോം കണിയാട റെഡ് മൂണ്‍ ഐലന്റിലേക്കുള്ള ചങ്ങാടം മറിഞ്ഞു; എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം: ചായ്യോം കണിയാട റെഡ് മൂണ്‍ ഐലന്റിലേക്കുള്ള യാത്രാ ചങ്ങാടം മറിഞ്ഞു.
വൈകിട്ടാണ് സംഭവം . മറുവശത്ത് നിന്ന് കയര്‍ കെട്ടിവലിക്കുന്ന ചങ്ങാടമാണിത്. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം മറുവശത്തേക്ക് സഞ്ചരിക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് എല്ലാവരും വെള്ളത്തില്‍ വീഴുകയായിരുന്നു. അടിയന്തര സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും ഇവിടെ ഏര്‍പ്പെടുത്തിയില്ലെങ്കിലും ഭാഗ്യം കൊണ്ട് എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും സംഭവസ്ഥലത്തുണ്ട്.

തളിപ്പറമ്പ് സ്വദേശികളായ 14 അംഗ സംഘമാണ് ഐലന്റ് സന്ദര്‍ശിച്ച് മടങ്ങും വഴി ഇക്കരെ കടക്കാന്‍ ഉണ്ടായിരുന്നത്. സാധാരണ 10 പേരെ വീതം ചങ്ങാടത്തില്‍ കെട്ടിവലിച്ചാണത്രെ അക്കരെയെത്തിക്കാറ്. 14 പേര്‍ മാത്രമായതിനാല്‍ എല്ലാവരോടും ഒറ്റ ട്രിപ്പില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പറയുന്നു. അതേസമയം ചങ്ങാടത്തില്‍ ലൈഫ് ജാക്കറ്റ് പോലുള്ള സംവിധാനങ്ങള്‍ ലഭ്യവുമല്ല. കുട്ടികളും പ്രായമായവരും എല്ലാം യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ചിലര്‍ക്ക് നീന്തല്‍ അറിയാമായിരുന്നു. ഇവര്‍ വെപ്രാളപ്പെടാതെ മറ്റുള്ളവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതിനിടെ നാട്ടുകാരും ഓടിയെത്തി. പുഴയില്‍ വീണവരില്‍ ചിലര്‍ നീന്തലറിയാതെ മുങ്ങിത്താഴ്ന്ന് വെള്ളം കുടിച്ചു. എല്ലാവരെയും കരയ്‌ക്കെത്തിച്ച ശേഷം മൊബൈല്‍ ഫോണുകളും ബാഗുകളും ഉള്‍പ്പെടെ ഇവരുടെ സാധനങ്ങള്‍ക്കായി തിരച്ചില്‍ തുടര്‍ന്നു. ഇതിനിടെ നീലേശ്വരം പോലീസ് സംഘവും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ഏകോപിപ്പിച്ചു. നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.അജിത, പി.സുഗുണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍.ആര്‍.ദിലീഷ് കുമാര്‍, സുജിത്, സുമേഷ് ബഡൂര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

error: Content is protected !!