തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നിയുക്ത എം എല്‍ എ സന്ദീപ് വാര്യര്‍ ജയിച്ചതിന്റെ പോസ്റ്റര്‍ സ്റ്റാറ്റസ് ഇട്ടതിന് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം സി. പി. എം പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി തലക്കടിച്ചു പരിക്കേല്‍പ്പിച്ചു. പടന്ന വടക്കേക്കാട്ടിലെ കല്‍പ്പണിക്കാരന്‍ കെ.പി ബാബുവിന് (46) നേരെയാണ് ഇരുളിന്റെ മറവില്‍ ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ സുഹൃത്ത് ഭാസ്‌ക്കരനെ വീട്ടില്‍ ഇറക്കി വടക്കേക്കാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ തെക്കേക്കാട് ജംഗ്ഷന് സമീപം ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം കമ്പിപ്പാര കൊണ്ട് ആക്രമിച്ചത് .അടിയേറ്റ് ബാബുവിന്റെ മുന്‍വരിയിലെ പല്ല് ഇളകിയിട്ടുണ്ട്. പരിക്കേറ്റ ബാബുവിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ബാബു. പിന്നീട് പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല. പരേതനായ ഇയാളുടെ അച്ഛന്‍ കെ കരുണാകരനും സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നുവെന്ന് പറയുന്നു. തിരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യരുടെയും പയ്യന്നൂരിലെ പി കുഞ്ഞികൃഷ്ണന്റെയും പോസ്റ്ററുകള്‍ ബാബു സ്റ്റാറ്റസ് ഇട്ടിരുന്നു.അതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിച്ചത്. നേരത്തെ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും പദ്ധതികള്‍ നടപ്പിലാക്കാത്ത കേരള സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നുവെന്ന് ബാബു പറയുന്നു. കെ.രവി, പി.വി രതീഷ്, കെ വി രാജേഷ്, സച്ചിന്‍, ആര്‍.വിനു തുടങ്ങി എട്ടോളം പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ബാബു പോലീസില്‍ പരാതിപ്പെട്ടു.
