തിരുവനനന്തപുരം: കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കില്‍ തീര്‍ത്ത പയ്യന്നൂരും ഉദുമയുംതൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായി. ആര്‍ത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാര്‍ തോറ്റ്തുന്നംപാടി. തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 103സീറ്റോടെ യുഡിഎഫ് അധികാരത്തിലേക്ക്. 2021ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍ഡിഎഫ് 35ലേക്ക് കൂപ്പുക്കുത്തി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന്സീറ്റ് പിടിച്ച് ബിജെപി കരുത്തറിയിച്ചു. നേമം തിരിച്ച് പിടിച്ച ബിജെപി ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും കാവിക്കൊടി പാറിച്ചു.
സെഞ്ചുറിയടിച്ച് ഭരണത്തിലേറുമെന്ന വി.ഡി.സതീശന്റെ വാക്കുകളെ കേരളം അപ്പാടെ നെഞ്ചേറ്റിയ കാഴ്ചയാണ് ജനഹിതം പുറത്ത് വന്നപ്പോള്‍ ദൃശ്യമായത്. ഇടുക്കി,കോട്ടയം, എറണാകുളം, മലപ്പുറം,വയനാട് ജില്ലകളില്‍നിന്ന് എല്‍ഡിഎഫ് അപ്രത്യക്ഷമായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍,ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ തോറ്റു. പേരാവൂരില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും പരാജയപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ മുസ്‌ലിംലീഗിന്റെ ഫാത്തിമ തഹിലിയയ്ക്ക് മുന്നില്‍ കീഴടങ്ങി. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമായി. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യത്തെ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021ല്‍ 50123 വോട്ടുകള്‍ക്ക് പിണറായി വിജയന്‍ വിജയിച്ച മണ്ഡലമാണ് ധര്‍ടം. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, ജി.ആര്‍.അനില്‍, കെ.രാജന്‍എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്.
64സീറ്റുകളോടെ കോണ്‍ഗ്രസ് സമീപകാലത്തെ മികച്ച പ്രകടനവും 22സീറ്റുകളോടെ മുസ്‌ലിംലീഗും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കി. പാലായിലടക്കം തോറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോള്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പാര്‍ട്ടിയായി. സിപിഐ 17ല്‍നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആര്‍എസ്പിയും ഓരോ വീതം സീറ്റുകള്‍നേടി കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി എന്നീ പാര്‍ട്ടികള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിച്ചു. ആര്‍ജെഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിര്‍ത്തി.
കനത്ത പരാജയത്തിനടയില്‍ ജി.സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുമാണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. ബേപ്പൂരില്‍ പി.വി.അന്‍വറിന് ജയിക്കാനായില്ലെങ്കിലും റിയാസിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി. അതേസമയം സിപിഎം ബന്ധം വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിച്ച പി.കെ.ശശിക്കും എ.സുരേഷിനും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മലമ്പുഴയില്‍ എ.സുരേഷ് മൂന്നാം സ്ഥാനത്തായി. ഒറ്റപ്പാലത്ത് ശശി 25000 ത്തോളം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
അര നൂറ്റാണ്ടിന് ശേഷം കാസര്‍കോടും 20 വര്‍ഷത്തിന് കോഴിക്കോടും വിജയിക്കാനായെന്നതും കോണ്‍ഗ്രസിന് ഇരട്ടിമധുരമാണ്. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരിലും ഉദുമയില്‍ കെ.നീലകണ്ഠനും ജയിച്ചുകയറി. കോഴിക്കോട്ട് അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ഇതടക്കം ജില്ലയിലെ 13ല്‍ 12 സീറ്റുകളും
യുഡിഎഫിന് നേടാനായി. 2021ല്‍ 13ല്‍ 11 ഉം എല്‍ഡിഎഫിനായിരുന്നു.
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ 2876 വോട്ടുകള്‍ക്കും ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാര്‍ 4012 വോട്ടുകള്‍ക്കും കഴക്കൂട്ടത്ത് വി. മുരളീധരന്‍ 265 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്.
