കാസര്‍കോട്: മധ്യവയസ്‌ക്കനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം പന്ത്രണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പാടി വില്ലേജില്‍ എതിര്‍ത്തോട് താമസക്കാരനായ കൊഗ്ഗുവിന്റെ മകന്‍ ഇ. രഞ്ജിത്ത് എന്ന ബങ്കന്‍ (29) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 9 മാസംകൂടി അധിക തടവും അനുഭവിക്കണം. 2021 ഏപ്രില്‍ 3ന് രാത്രി 10.30 മണിയോടെ പാടി ഗ്രാമത്തില്‍ എതിര്‍ത്തോട് താമസിക്കുന്ന സി.എച്ച് രാഘവനെയാണ് പ്രതി മാരകായുധമായ കത്തി കൊണ്ട് നെഞ്ചിനും,കൈക്കും വെട്ടി കൊല്ലാന്‍ ശ്രമിച്ചത്.
വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് വിദ്യാനഗര്‍ സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന നിബിന്‍ജോയിയും,തുടര്‍ന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറായിരുന്ന ശ്രീജിത്ത് കൊടേരിയുമായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍,അഡ്വ.എം ചിത്രകല എന്നിവര്‍ ഹാജരായി.
