മുണ്ടത്തിക്കോട് അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം

തൃശ്ശൂര്‍: വെടിക്കെട്ട്സാമഗ്രികള്‍ നിര്‍മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രനാണ് അന്വേഷണ ചുമതല. ബുധനാഴ്ച രാവിലെ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപവീതം ധനസഹായം നല്‍കാനും പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അടിയന്തര സഹായമായി രണ്ടുലക്ഷം രൂപവീതം നല്‍കാനും
തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് ആറുമാസത്തെ സൗജന്യ ചികിത്സ നല്‍കാനുംതീരുമാനമായി.

അപകടംസംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായിമന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നാലുലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പത്തു ലക്ഷവും ഉള്‍പ്പെടെയാണ് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം നല്‍കുക. പരിക്കേറ്റവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട്ലക്ഷവും നല്‍കും.ദുരന്ത പ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയ്ക്ക് പുറമെയാണിത്. പരിക്കേറ്റവര്‍ക്ക് ആറുമാസത്തെ സൗജന്യ ചികിത്സ ലഭ്യമാക്കാനുംതീരുമാനിച്ചു. ആറുമാസത്തിലധികം ചികിത്സ ആവശ്യമാകുന്നവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ്തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രിയിലെ പൂര്‍ണ ചെലവുകളും സി.എം.ഡി.ആര്‍.എഫില്‍നിന്ന് അനുവദിക്കുന്നതും യോഗത്തില്‍ പരിഗണിച്ചു. സുരക്ഷാ ആവശ്യങ്ങള്‍ക്കായി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ വയലുകളുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ നികത്തിയത് പൂര്‍വസ്ഥിതിയിലാക്കും. സ്‌ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ച കെട്ടിടങ്ങളേക്കുറിച്ച് കളക്ടറുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം അവ പൂര്‍വസ്ഥിതിയിലാക്കാന്‍ ധനസഹായം നല്‍കും. മൂന്ന് കെഡാവര്‍ നായകളെ ഉള്‍പ്പെടുത്തി തിരച്ചില്‍പുരോഗമിക്കുകയാണ്.മരണപ്പെട്ടവരെ തിരിച്ചറിയാനായി ഡി.എന്‍.എ. പരിശോധന നടത്തുമെന്നും മന്ത്രിഅറിയിച്ചു.

അപകടത്തില്‍ 13 പേര്‍ മരിച്ചതായിസ്ഥിരീകരിച്ചു. ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടം നടന്ന സ്ഥലത്ത് എത്ര പേരുണ്ടായിരുന്നുവെന്ന് കൃത്യമായ കണക്കില്ലെന്നും കാണാതായവരെക്കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കണമെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.

error: Content is protected !!