റാണിപുരം: അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണഗതിയില്‍ മഴയൊഴിഞ്ഞ് വേനല്‍ കടുക്കുന്നതിനു മുമ്പ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് റാണിപുരത്ത് ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം. ഇപ്പോള്‍ പകല്‍സമയത്തെ വെയില്‍ച്ചൂട് സഞ്ചാരികള്‍ക്ക് ക്ഷീണമാകുന്നുണ്ട്. എങ്കിലും മതിയായ മുന്‍കരുതലുകളോടെ മലകയറാനെത്തുന്നവരാണ് അധികവും.
പനത്തടി പഞ്ചായത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 750 മുതല്‍ 1049 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം ഹില്‍ സ്റ്റേഷന്‍ ഇപ്പോള്‍ ബേക്കലിനൊപ്പം ജില്ലയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപജില്ലകളില്‍ നിന്നുമുള്ളവര്‍ക്കു പുറമേ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ബംഗളൂരുവില്‍ നിന്നും കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നുമടക്കം സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വേനലാരംഭത്തില്‍ കാട്ടുതീ പടര്‍ന്ന് പുല്‍പ്പരപ്പുകള്‍ കത്തിനശിച്ചത് റാണിപുരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. അതുകഴിഞ്ഞുള്ള വേനല്‍മഴയില്‍ തന്നെ റാണിപുരത്തിന്റെ പച്ചപ്പ് വീണ്ടെടുത്തിരുന്നു. ഈ വര്‍ഷം വീണ്ടും ഉണങ്ങി സ്വര്‍ണവര്‍ണമായ പുല്‍മേടുകളില്‍ ബോധപൂര്‍വമായോ അല്ലാതെയോ തീപിടിത്തമുണ്ടാകാതിരിക്കാന്‍ വനംവകുപ്പ് തികഞ്ഞ ജാഗ്രത പാലിക്കുന്നുണ്ട്.
പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും മലമുകളില്‍ നിന്നുള്ള ദൂരക്കാഴ്ചകളും രാവിലെയും വൈകിട്ടും മൂടല്‍മഞ്ഞ് വന്നുവീഴുന്ന കാലാവസ്ഥയുമാണ് റാണിപുരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. അപൂര്‍വയിനം സസ്യങ്ങള്‍, ചിത്രശലഭങ്ങള്‍, പക്ഷികള്‍ എന്നിവയേയും ഉരഗങ്ങളടക്കമുള്ള ചെറുജീവികളെയും ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കാട്ടാനകളുടെ സാന്നിധ്യം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ട്രക്കിംഗ് പാതകളില്‍ അപകടസാധ്യതയൊഴിവാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്.
സഞ്ചാരികള്‍ക്കായി ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ നേരത്തേ സ്ഥാപിച്ചിട്ടുള്ള റിസോര്‍ട്ടിനൊപ്പം നിരവധി സ്വകാര്യ കോട്ടേജുകളും റിസോര്‍ട്ടുകളും സ്വകാര്യ ഗ്ലാസ് ബ്രിഡ്ജും ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
