കണ്ണൂര്‍: കരിവെള്ളൂരിലെ വനിത സിവില്‍ പോലീസ് ഓഫീസറുടെ കൊലപാതക കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് മൂന്നു ജീവപര്യന്തം തടവുശിക്ഷയും പിഴയും കോടതി വിധിച്ചു. മാങ്ങാട്ടുപറമ്പ് സായുധ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെ (38) ക്രൂരമായി വെട്ടിക്കൊന്ന കേസിലാണ് ഭര്‍ത്താവ് കെ. രാജേഷിനെ കോടതി മൂന്നു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുപുറമെ പ്രതി രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം.2024ലാണ് നാടിനെ നടുക്കിയ ഈ ദാരുണ കൊലപാതകം നടന്നത്. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കരിവെള്ളൂര്‍ കൊഴുമ്മല്‍ സ്വദേശിയായ രാജേഷുമായി അകന്ന്, സ്വന്തം പിതാവ് കെ. വാസുവിനൊപ്പമായിരുന്നു ദിവ്യശ്രീയുടെ താമസം. ഇരുവരുടെയും വിവാഹമോചനക്കേസ് കണ്ണൂര്‍ കോടതി പരിഗണിച്ചതിന്റെ പിറ്റേദിവസം വൈകിട്ട് അഞ്ചരയോടെ ബൈക്കില്‍ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും, തുടര്‍ന്ന് കയ്യില്‍ കരുതിയ വടിവാളു കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച പിതാവ് വാസുവിനും വെട്ടേറ്റിരുന്നു.നിലവിളിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും മുഖത്തും കൈകള്‍ക്കും ഉള്‍പ്പെടെ ഗുരുതരമായി വെട്ടേറ്റിരുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി രാജേഷിനെ, അന്ന് രാത്രിയോടെ കണ്ണൂര്‍ പുതിയതെരുവിലെ ബാറില്‍നിന്നാണ് വളപട്ടണം പോലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. കൊലയ്ക്കുപയോഗിച്ച വാള്‍ പുഴയില്‍നിന്നും കണ്ടെത്തിയിരുന്നു.ഏറെ കഷ്ടപ്പെട്ട് പഠിച്ച് പോലീസ് ജോലി നേടിയ ദിവ്യശ്രീ കുടുംബത്തിന്റെ അത്താണിയും, വിദ്യാര്‍ഥിയായ ഏക മകന്റെ ആശ്രയവുമായിരുന്നു. സ്ഥിരമായി ജോലിക്ക് പോകാതിരുന്ന രാജേഷിന് ടാക്‌സിയും ബൈക്കും ഉള്‍പ്പെടെ വാങ്ങി നല്‍കിയത് ദിവ്യശ്രീയുടെ വീട്ടുകാരാണ്. കണ്ണൂരില്‍ നടന്ന കൗണ്‍സിലിങ്ങില്‍ ഭര്‍തൃപീഡന വിവരങ്ങളും, 7 ലക്ഷത്തോളം രൂപ രാജേഷ് ധൂര്‍ത്തടിച്ചതും ദിവ്യശ്രീ തുറന്നുപറഞ്ഞിരുന്നു. വിവാഹമോചനം നേടിയാല്‍ തന്റെ വരുമാനം നിലയ്ക്കുമെന്ന പ്രതിയുടെ ആശങ്കയും, സാമ്പത്തിക ചൂഷണം ചോദ്യം ചെയ്തതിന്റെ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
