കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, കിനാനൂര്‍കരിന്തളം, കള്ളാര്‍, പനത്തടി, ബളാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. വോട്ടുകളുടെ കണക്കെടുത്താല്‍ കാഞ്ഞങ്ങാട്, അജാനൂര്‍, പനത്തടി എന്നിവിടങ്ങളില്‍ ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. മടിക്കൈ, കോടോംബേളൂര്‍, കിനാനൂര്‍കരിന്തളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനും കള്ളാറിലും ബളാലിലും യുഡിഎഫിനും വ്യക്തമായ മുന്‍തൂക്കമുണ്ട്. നിലവില്‍ യുഡിഎഫിന് ഭരണമുള്ളത് കള്ളാറിലും ബളാലിലും മാത്രമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഇ. ചന്ദ്രശേഖരന്‍ 27,139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് ജയിച്ചത്. ഇ.ചന്ദ്രശേഖരന്‍ 84,615 വോട്ടുകളും യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ പി.വി.സുരേഷ് 57,476 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി എം.ബല്‍രാജ് 21,570 വോട്ടുകളുമാണ് അന്ന് നേടിയത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇവിടെനിന്ന് 2,050 വോട്ടുകളുടെ ലീഡ് നേടിയിരുന്നു. അതുകഴിഞ്ഞു നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 14,915 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്.
ചരിത്രം നോക്കിയാല്‍ സമീപകാലത്ത് ഒരേയൊരു തവണയാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യുഡിഎഫ് ജയിച്ചിട്ടുള്ളത്. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം.
മലയോര വോട്ടുകളില്‍ പ്രതീക്ഷ വച്ച് ഷൈജി
തീരദേശത്തെ നഗരമേഖലയില്‍ നിന്നു തുടങ്ങി മലയോര കാര്‍ഷിക മേഖലകളിലേക്ക് വ്യാപിച്ചുകിടക്കുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. പക്ഷേ മൂന്നു മുന്നണികളും ഇവിടെ മലയോര മേഖലയില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് തീര്‍ത്തും വിരളമാണെന്ന പരാതി ഏറെനാളായി കേള്‍ക്കുന്നതാണ്. ഇത്തവണ അതിനൊരു പരിഹാരമായിട്ടാണ് മലയോര കര്‍ഷകരുടെ മനസും വികാരവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരു സ്ഥാനാര്‍ഥിയെ യുഡിഎഫ് രംഗത്തിറക്കിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഷൈജി ഓട്ടപ്പള്ളി കോട്ടയം കൈപ്പുഴ സ്വദേശിയാണെങ്കിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലെ നല്ലൊരു ശതമാനം വോട്ടര്‍മാര്‍ക്ക് പരിചിതനാണ്. ഷൈജിയുടെയും കേരള കോണ്ഗ്രസിന്റെയും സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുന്ന മലയോര വോട്ടുകളാണ് യുഡിഎഫിന്റെ പ്രതീക്ഷ.
ജനകീയ പ്രതിച്ഛായയുമായി ഗോവിന്ദന്‍
സിപിഐ നേതാവും മുന്‍ റവന്യുമന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ 15 വര്‍ഷമായി പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എല്‍ഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയും ദേശീയ കൗണ്‍സില്‍ അംഗവുമായ ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ്. കാഞ്ഞങ്ങാട് നഗരമേഖലയോടു ചേര്‍ന്നുകിടക്കുന്ന അജാനൂര്‍ പഞ്ചായത്തില്‍ നിന്നുള്ളയാളാണ് ഗോവിന്ദന്‍. ഏറ്റവും താഴേത്തട്ടില്‍ നിന്ന് വിദ്യാര്‍ഥിനേതാവായി പ്രവര്‍ത്തനം തുടങ്ങി അഭിഭാഷകനായി വളര്‍ന്ന് പഞ്ചായത്തംഗമായും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ഗോവിന്ദന്‍ നാടിന്റെ മനസറിഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. ഗോവിന്ദന്റെ ജനകീയ പ്രതിച്ഛായ തന്നെയാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസമേറ്റുന്നത്.
വ്യക്തിബന്ധങ്ങളുടെ മികവില്‍ ബല്‍രാജ്
എന്‍ഡിഎയ്ക്കുവേണ്ടി തുടര്‍ച്ചയായ രണ്ടാംവട്ടവും മത്സരരംഗത്തിറങ്ങുന്ന എം. ബല്‍രാജ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റും വ്യവസായിയും കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലറുമാണ്. തന്റെ പിതാവിന്റെ കാലം മുതല്‍ തുടങ്ങിയ ദശാബ്ദുങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുളള വാണിജ്യവ്യവസായ സ്ഥാപനങ്ങളിലുടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തിയെടുത്ത വിപുലമായ വ്യക്തിബന്ധങ്ങളാണ് ബല്‍രാജിന്റെ പിന്‍ബലം.
